മനാമ: ബഹ്‌റൈനിലെ ഹിദ്ദില്‍ നിന്ന് കാണാതായ മൂന്നുവയസുകാരനെ കാറിന്റെ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈജിപ്ത് സ്വദേശിയുടെ മകന്‍ ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതായത്. വീട്ടുകാര്‍ ഏറെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി.
ഇന്നലെ രാവിലെ സമീപത്തെ ഒരു ഫാര്‍മസി ജീവനക്കാരന്‍ ഹിദ്ദ് ക്‌ളബിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍വശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. കുട്ടിയുടെ വീടിനടുത്താണ് ഈ പാര്‍ക്കിങ് സ്ഥലം. കളിക്കിടെ കുട്ടി കാറിന്റെ ഡിക്കിയില്‍ കയറുകയും ഉള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു എന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ബഹ്‌റൈനില്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അഹ്മദിന്റെ മകനാണ് മരിച്ച ഫെറാസ്. കഴിഞ്ഞ ദിവസം ‘ചൈല്‍ഡ് മിസ്സിങ് ഇന്‍ ഹിദ്ദ്’ എന്ന പേരില്‍ ഒരു ഹാഷ് ടാഗ് കാമ്പയിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
Post Your Comments