ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. യുവതിയുമായി ഫേസ്ബുക്കില്‍ നിരന്തരം ചാറ്റ് ചെയ്തിരുന്ന സുഹൃത്തുക്കളാണിവര്‍. ഇവരെ രഹസ്യകേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാള്‍ക്ക് സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്നും സൂചനയുണ്ട് എന്നാല്‍ ഔദ്യോഗികവിവരം പുറത്തുവിട്ടിട്ടില്ല.
അതിനിടെ, പൊലീസ് വീഴ്ച ഗൗരവമായി കാണുമെന്നും വേണ്ടിവന്നാല്‍ സ്വമേധയാ കേസെടുക്കുമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
തെക്കന്‍ തമിഴക ജില്ലകളില്‍ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. പ്രതി വാടകക്കൊലയാളിയാണോയെന്നും സംശയമുണ്ട്. സ്വാതി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്ന നൂറിലധികം പേരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. സംഭവത്തില്‍ ദേശീയ വനിതാ കമീഷന്‍ ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് നോട്ടീസയച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി എന്ന 24കാരി ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തേറ്റുമരിച്ചത്.
Post Your Comments