ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ യുവതി ദാരുണമായി കൊലചെയ്യപ്പെട്ടു. ഇന്ന്‍ രാവിലെ 6.30-ഓടെയാണ് സംഭവം. എസ് സ്വാതി എന്ന യുവതിയാണ് ഇന്ന്‍ രാവിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത്നിന്ന സമയത്ത് കൊലചെയ്യപ്പെട്ടത്.
നുങ്കംപാക്കം റെയില്‍വേ സ്റ്റേഷന് സമീപം തന്നെയുള്ള ചൂളൈമേടിലെ ദക്ഷിണ ഗംഗൈ അമ്മന്‍ കോവില്‍ തെരുവിലാണ് 24-കാരിയായ സ്വാതിയുടെ താമസം. സ്റ്റേഷന്‍റെ രണ്ടാം പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് നിന്ന സ്വാതിയുടെ സമീപത്തേക്ക് പച്ച ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിച്ച ഒരു യുവാവ് സമീപിച്ചു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. രണ്ടുപേരും തമ്മില്‍ അല്‍പ്പസമയം വാഗ്വാദം നടന്നു. തുടര്‍ന്ന്‍, യുവാവ് തന്‍റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന്‍ അരിവാള്‍ പോലുള്ള ഒരായുധം എടുത്ത് സ്വാതിയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സ്വാതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടിതെറ്റി വീണു പോവുകയായിരുന്നു.
സ്വാതിയെ വെട്ടിയ ശേഷം യുവാവ് തത്ക്ഷണം രക്ഷപ്പെട്ടു. വെട്ടേറ്റു പ്ലാറ്റ്ഫോമില്‍ വീണ സ്വാതി അധികം താമസിയാതെ രക്തം വാര്‍ന്ന്‍ മരണത്തിനു കീഴടങ്ങി. കണ്ടുനിന്നവരില്‍ ആരും സ്വാതിയെ സഹായിക്കാനായി എത്തിയതുമില്ല.
സ്വാതിക്ക് പരിചയമുള്ള ആരോ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നിരീക്ഷണങ്ങള്‍ക്കൊടുവില്‍ വിലയിരുത്തിയത്.
Post Your Comments