Technology

ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് നുണയാണ്, വിശ്വസിക്കരുത്

ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ യൂസര്‍മാര്‍ പോസ്റ്റ് ചെയ്യുന്ന എഴുത്തോ, വിഡിയോകളോ, ഫോട്ടോയോ, മെസേജോ യാതൊന്നും തന്നെ ഇനി അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്നാണ് ആ പോസ്റ്റിലുള്ളത്. അങ്ങനെ ചെയ്താല്‍ UCC 1-308- 1 1 308-103 and the Rome Statute എന്ന നിയമ പ്രകാരം കേസു കൊടുത്ത് ഫെയ്‌സ്ബുക്കിനെ ശിക്ഷിയ്ക്കുമെന്നാണ് ഭീഷണി. 2012ലും 2014ലും 2015ലും ഈ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ വ്യാപകമായിരുന്നു.

യു.എസില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഈ നോട്ടിനു പിറകെ മറ്റൊരു നോട്ടും കൂടി സമാനമായി പ്രചരിച്ചിരുന്നു. ഇനി മുതല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെങ്കില്‍ നിശ്ചിത ഡോളര്‍ നല്‍കണമെന്നായിരുന്നു അത്. ഒരു മാസത്തേക്ക് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ മെംബര്‍ഷിപ് പാക്കേജുകളുണ്ട്. പണമടച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ആയിപ്പോകും. ഈ ‘നോട്ട്’ നിങ്ങള്‍ പോസ്റ്റ് ചെയ്യുകയും വേണം. പണമടച്ചു കഴിയുമ്പോള്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് ഐക്കണ്‍ വെള്ള മാറി നീലനിറത്തിലാകും. ഈ വിധത്തിലായിരുന്നു തട്ടിപ്പുനോട്ട്.

നിങ്ങളുടെ സകല എഫ്ബി പോസ്റ്റുകളും നാളെ മുതല്‍ പൊതുസ്വത്താവുകയാണ് എന്നു പറഞ്ഞാണ് തട്ടിപ്പു മെസേജിന്റെ തുടക്കം. ‘ഡിലീറ്റ് ചെയ്തു കളഞ്ഞ മെസേജുകളും ഫോട്ടോകളും വരെ ഇനി ആര്‍ക്കും കണ്ടെത്തി ഉപയോഗിക്കാം. ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാനയത്തിലെ ഈ മാറ്റത്തെപ്പറ്റിയുള്ള ചര്‍ച്ച ചാനല്‍ 13 ന്യൂസിലിപ്പോള്‍ കഴിഞ്ഞതേയുള്ളൂ. ഇപ്പോഴേ മുന്‍കരുതലെടുത്താല്‍ നിങ്ങള്‍ക്ക് ഭാവിയില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ രക്ഷപ്പെടാം. ഫെയ്‌സ്ബുക്കില്‍ ഞാനെന്തു പോസ്റ്റ് ചെയ്താലും, അതിനി ഇപ്പോഴായാലും ഭാവിയിലായാലും എഫ്ബിക്കോ അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കോ അതിലൊന്നും തൊടാന്‍ പോലും അവകാശമില്ല. അഥവാ അതെല്ലാം പുറത്തുവിടുകയോ കോപ്പി ചെയ്യുകയോ വിതരണം ചെയ്യുകയോ മറ്റോ ചെയ്താല്‍ അതിനെ നിയമപരമായി നേരിടും. ഈ പ്രൊഫൈലിലെ വിവരങ്ങളെല്ലാം സ്വകാര്യ സ്വത്താണ്. എന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തിയാല്‍ നിയമ(UCC 1-308- 1 1 308-103 and the Rome Statute) പ്രകാരം തന്നെ ശിക്ഷ നേരിടേണ്ടി വരും.’ ഇങ്ങനെയാണ് സന്ദേശം പ്രചരിക്കുന്നത്. ഇത് കോപ്പി+പേസ്റ്റ് ആണ് ചെയ്യേണ്ടത്, അല്ലാതെ ഷെയര്‍ ചെയ്യരുത്. ഇങ്ങിനെ ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല് പൊതുസ്വത്താകും എന്നൊരു മുന്നറിയിപ്പുമുണ്ട് ഈ പറ്റിക്കല്‍ ‘നോട്ടി’ല്‍.

പക്ഷേ ഒരൊറ്റത്തവണ ഇതൊന്ന് വായിച്ചാല്‍ത്തന്നെ തട്ടിപ്പു പിടികിട്ടും. ആദ്യമേ തന്നെയുണ്ട് സൂചന പ്രൊഫൈല്‍ നാളെ മുതല്‍ പൊതുസ്വത്താവും എന്നത് എത്രയോ നാളുകളായി കിടക്കുന്നു. ചാനല്‍ 13 ന്യൂസില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. പിന്നെ Rome Statute എന്നും പറഞ്ഞു വരുന്ന നിയമം ഹേഗിലെ ഇന്റര്‍നാഷനല്‍ ക്രിമിനല്‍ കോര്‍ട്ടുമായി ബന്ധപ്പെട്ടുള്ളതാണ്. അതിന് ഫെയ്‌സ്ബുക്കിന്റെ ഒരു കാര്യത്തിലും ഇടപെടാനും പറ്റില്ല. ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസിയില്‍ യാതൊരു മാറ്റവും വന്നിട്ടുമില്ല. നിങ്ങള്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് സമ്മതിച്ചു കൊടുക്കുന്ന terms and conditiosn ല്‍ തന്നെ എല്ലാം വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button