ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള നഗരങ്ങളിലെ ഭവന രഹിതര്‍ക്ക് വീടു വയ്ക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം 1.20 ലക്ഷം രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനം സര്‍ക്കാരിന് ഉറപ്പു നല്‍കി. ഇതിനായി നഗരത്തോടു ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.ടി. ജലീല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.
അപേക്ഷകര്‍ സ്വന്തമായി ഇരുചക്ര വാഹനം, ടെലിവിഷന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവ ഇല്ലാത്തവരായിരിക്കണം. ഈ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ടതായി കെ.ടി. ജലീല്‍ പറഞ്ഞു. 1.20 ലക്ഷം രൂപയാണ് കേന്ദ്രസഹായം ലഭിക്കുക. 70,000 രൂപ ബാങ്ക് വായ്പയെടുക്കാം. പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന് ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുമെന്നും കെ.ടി. ജലീല്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് പി.എം.എ.വൈ പ്രകാരം തുക അനുവദിക്കുന്നതിനു ഗ്രാമസഭകള്‍ തയ്യറാക്കുന്ന പട്ടിക പരിഗണിക്കണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി (പി.എം.ജി.എസ്.വൈ- രണ്ട്) പ്രകാരം 419 കിലോമീറ്റര്‍ വീതമുള്ള 105 റോഡുകള്‍ നിര്‍മ്മിക്കാന്‍ അനുവാദം ലഭിക്കും. 2000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ കൂടി അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ ജലസംഭരണത്തിനായി തടയണകളും ചെക്ക് ഡാമുകളും നിര്‍മ്മിക്കാന്‍ പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം കേരളം നേരത്തേ സമര്‍പ്പിച്ച 304 കോടിയുടെ അപേക്ഷ ഉടന്‍ അംഗീകരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.
Post Your Comments