അഗര്‍ത്തല: ത്രിപുരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ദേശീയ പാത 44(പുതിയ പേര് ദേശീപാത 8). മണ്ണിടിച്ചിലില്‍ ചെളിക്കുളമായി ഈ ദേശീയപാത മാറിയതോടെ ഒരാഴ്ചയ്ക്കിടെ അസം ത്രിപുര അതിര്‍ത്തിയില്‍ ആയിരത്തിലധികം ട്രക്കുകളാണ് പെരുവഴിയിലായത്. കുടുങ്ങിപ്പോയ മിക്ക ട്രക്കുകളും ആഹാര സാധനങ്ങളും മരുന്നുകളും ഇന്ധനവും അടക്കം അവശ്യ സാധനങ്ങളുമായി ത്രിപുരയിലേക്ക് പുറപ്പെട്ടതാണ്.
കനത്ത മഴയില്‍ ചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണ് ദേശീയപാത. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ കഴിഞ്ഞ പത്തുദിവസമായി അസാമിലെ ബരാക്വാലി പ്രദേശങ്ങളിലും ത്രിപുരയിലുമായി വലിയ നാശനഷ്ടങ്ങളാണുണ്ടായത്. റോഡ് നന്നാക്കാന്‍ ഇവിടെയുള്ള താല്‍കാലിക സൗകര്യങ്ങള്‍ അപര്യാപ്തമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണ് മാറ്റാനുള്ള ഒരു യന്ത്രം മാത്രമാണ് ഇവിടെയുള്ളത്. ഇതുകൊണ്ട് മാത്രം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ ദിവസങ്ങളെടുക്കും. കുടുങ്ങിക്കിടക്കുന്ന ട്രക്കിന്റെ ഡ്രൈവര്‍മാരും മണ്ണ് നീക്കാനുള്ള ജോലികളില്‍ വ്യാപൃതരാണ്.
സാധനങ്ങള്‍ എത്താത്തതിനാല്‍ കച്ചവട കേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്ക് വില കുത്തനേ ഉയരുകയാണ്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് വിലക്കയറ്റം രൂക്ഷം. ഇന്ധനങ്ങളും മരുന്നുകളുമടക്കം നാട്ടിലെത്തിക്കാന്‍ ഈ ദേശീയ പാത മാത്രമാണ് ത്രിപുരക്കാരുടെ ഏക ആശ്രയം.
സഹായത്തിനായി കേന്ദ്രത്തോടും, അസം സര്‍ക്കാരിനോടും സഹായമഭ്യര്‍ഥിച്ചുവെങ്കിലും അവഗണന മാത്രമാണെന്ന് ത്രിപുര ഗതാഗത മന്ത്രി മാണിക് ദേയ് ശനിയാഴ്ച പറഞ്ഞു. സംസ്ഥാനത്തെ 60 പെട്രോള്‍ പമ്പുകളാണ് കഴിഞ്ഞ ഒരാഴ്ചയായി അടഞ്ഞുകിടക്കുന്നതെന്ന് സിവില്‍ സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അസമിലെ പര്‍വത പ്രദേശമായ ദിമാ ഹസാവോ ജില്ലയിലുണ്ടായ മഴയും മണ്ണിടിച്ചിലും കാരണം ത്രിപുര, മിസോറാം, മണിപ്പൂര്‍, ദക്ഷിണ അസാം എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ട് 45 ദിവസങ്ങളായി. അതേസമയം, റോഡ് നന്നാക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബിപ്ലാബ് ദേവ് കഴിഞ്ഞ ദിവസം പറഞ്ഞത്. അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാള്‍, ദേശീയ പാതാ മന്ത്രി പരിമള്‍ ശുക്ലബൈദ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിപ്ലാബ് ദേവ് ഇങ്ങനെ പറഞ്ഞത്. വീഡിയോ കാണാം…
Post Your Comments