ഇസ്‍ലാമാബാദ്: ആണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ എതിർത്ത ചൈനീസ് നിലപാടിനെ സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ. അംഗത്വം നല്‍കിയാല്‍ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നതിനാലാണ് ചൈന എതിര്‍ത്തതെന്നും ഇതില്‍ സന്തോഷമുണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി അയ്സസ് അഹമ്മദ് ചൗധരി പറഞ്ഞു. ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നത് ശരിയല്ലെന്നായിരുന്നു ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ നിലപാട്. ഇതേ തുടർന്നാണ് അംഗത്വം ലഭിക്കാതെ പോയത്.
എൻ.എസ്.ജി വിഷയം ചർച്ച ചെയ്യുന്നതിനായി സോളിൽ നടന്ന പ്ലീനറി യോഗത്തിലുള്ളവരുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. തീരുമാനത്തിൽ സന്തോഷമുണ്ട്. സത്യം ജയിച്ചുവെന്നും ചൗധരി പറഞ്ഞു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പാക്ക് വിദേശകാര്യ സെക്രട്ടറിയുടെ അഭിപ്രായം. രണ്ടു കാര്യങ്ങളാണ് പ്രധാനമായും പാക്കിസ്ഥാൻ വാദിച്ചിരുന്നത്. ഇന്ത്യയ്ക്ക് അംഗത്വം നൽകിയാൽ ദക്ഷിണേഷ്യയിൽ നയപരവും സാമ്പ്രദായികവുമായ അസമത്വം വരും എന്നതാണ് ഒന്നാമത്തേത്. 2008 ൽ ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് ഇളവ് ലഭിച്ചപ്പോൾ അവർ ആണവ മൂലധനം വലിയതോതിൽ സൂക്ഷിക്കാൻ തുടങ്ങി. ആണവ ഉപകരണങ്ങൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണിതെന്നും രണ്ടാമതായി അയ്സസ് അഹമ്മദ് ചൗധരി ചൂണ്ടിക്കാണിച്ചു.
സോളിൽ ചേർന്ന പ്ലീനറിയിലാണ് ഇന്ത്യയ്ക്ക് എൻ.എസ്.ജിയിൽ അംഗത്വം നൽകേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യയുടെ അംഗത്വ അപേക്ഷ ചൈന ഉൾപ്പടെ 10 രാജ്യങ്ങൾ എതിർത്തു. അയർലൻഡ്, ന്യൂസിലൻഡ്, ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, തുർക്കി, ഓസ്ട്രിയ എന്നീ രാജ്യങ്ങളും എതിർത്തു. 48 അംഗ രാജ്യങ്ങളിൽ 38 പേർ ഇന്ത്യയ്ക്ക് അനുകൂലമായി നിലകൊണ്ടു. ഇന്ത്യയ്ക്കു വേണ്ടി അമേരിക്ക നടത്തിയ ശ്രമങ്ങളും ഫലം കണ്ടില്ല.
Post Your Comments