മഹാരാഷ്ട്രയില്‍, പൂനെയില്‍ ഉള്‍പ്പെട്ട ഹദപ്സാറിലുള്ള വൈശാലി ജാദവ് എന്ന പെണ്‍കുട്ടി തന്‍റെ ഹൃദയ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതും, പ്രധാനമന്ത്രി, വൈശാലിയുടെ ശസ്ത്രക്രിയ സ്പോണ്‍സര്‍ ചെയ്തതും പോയമാസത്തെ ശ്രദ്ധേയ സംഭവങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവും രോഗാതുരരായ കുട്ടികള്‍ക്ക് ആവശ്യമായ സഹായമെത്തിച്ചു കൊടുത്ത് വാര്‍ത്തകളില്‍ നിറയുന്നു.
മഹാരാഷ്ട്രയില്‍ത്തന്നെയുള്ള ഗോണ്ടിയ ജില്ലയില്‍ നിന്നുള്ള 7 കുട്ടികളാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തങ്ങളുടെ ചികിത്സാസംബന്ധമായ സഹായം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോട് അഭ്യര്‍ത്ഥിച്ചത്. ഹൃദ്രോഗികളായ ഈ കുട്ടികള്‍ക്ക് കേന്ദ്രഗവണ്മെന്‍റ് പദ്ധതിപ്രകാരമുള്ള ശസ്ത്രക്രിയ ലഭ്യമാക്കുന്നതിന് വേണ്ടി ഗോണ്ടിയയില്‍ നിന്ന്‍ മുംബൈ വരെ പോകണം എന്ന അവസ്ഥ വന്നപ്പോളാണ് ഇവരുടെ ദരിദ്രരായ മാതാപിതാക്കളുടെ മുന്‍പില്‍ യാത്രാച്ചിലവ് ഒരു ചോദ്യചിഹ്നമായി മാറിയത്. തങ്ങളുടെ അവസ്ഥ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്. വേണ്ട സഹായമെത്താന്‍ പിന്നീട് താമാസമുണ്ടായില്ല. സൗജന്യ യാത്രാടിക്കറ്റുകളും, റിസര്‍വേഷന്‍ സൗകര്യവും ഉടനടി സുരേഷ് പ്രഭു ഇവര്‍ക്ക് ലഭ്യമാക്കി.
ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം ആണ് ഈ കുട്ടികളുടെ രോഗാവസ്ഥ കണ്ടെത്തിയതും ശസ്ത്രക്രിയയിലൂടെയുള്ള പരിഹാരം നിര്‍ദ്ദേശിച്ചതും. യാത്രാച്ചിലവ് എന്ന തടസ്സം വന്നപ്പോള്‍ ഗോണ്ടിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിശാല്‍ ഗവാലിയാണ് പ്രശ്നം ഒരു ട്വീറ്റിലൂടെ സുരേഷ് പ്രഭുവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
രാജീവ്ഗാന്ധി ജീവന്‍ദായി ആരോഗ്യ യോജനയുടെ കീഴില്‍ സൗജന്യ ശസ്ത്രക്രിയ ലഭ്യമായിട്ടുകൂടി മുംബൈ വരെയുള്ളതും തിരിച്ചും ഉള്ള യാത്രാച്ചിലവ് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണെന്ന് മനസ്സിലായപ്പോഴാണ് ഡോ.ഗവാലി പ്രശ്നം സുരേഷ് പ്രഭുവിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ജൂണ്‍ 21-ആം തീയതി വൈകിട്ട് 7-മണിക്ക് ഡോ.ഗവാലി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തയുടനെ തന്നെ അദ്ദേഹം പ്രശ്നത്തില്‍ ഇടപെടുകയും കുട്ടികളുടേയും കൂടെ പോകുന്നവരുടേയും റിസര്‍വേഷന്‍ തയാറാക്കി കൊടുക്കുകയുമാണുണ്ടായത്.
സിമ്രാന്‍ മസ്ക്കരെ (3), പ്രിയാന്‍ഷ് പാട്ലെ (3.5), ഹിമാന്‍ഷി ലന്‍ജെവാര്‍ (6), ജയശ്രീ മൌജെ (16), ദിലേശ്വരി താക്റെ (12), ദിലേശ്വരി ബിസെന്‍ (12), ജ്യോതി വട്ടി (16) എന്നീ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ റെയില്‍വേയുടെ സഹായം ലഭ്യമായത്.
കുട്ടികളെല്ലാം ഇപ്പോള്‍ മുംബൈയിലെ ബൈക്കുള ഈസ്റ്റിലുള്ള ബാലാജി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വരും ദിവസങ്ങളില്‍ത്തന്നെ കാര്‍ഡിയാക് സര്‍ജന്‍ ഡോ. ഭൂഷണ്‍ ചവാന്‍ ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും.
Post Your Comments