![mercy-killing](/wp-content/uploads/2016/06/mercy-killing1.jpg)
ഹൈദരാബാദ് : അപൂര്‍വമായ കരള്‍ രോഗത്തെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള മകളുടെ ദയാവധം ആവശ്യപ്പെട്ട ദമ്പതികള്‍ക്ക് സഹായവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. രമണപ്പാ – സരസ്വതി ദമ്പതിമാരുടെ മകളായ ഗ്യാനസായിക്കാണ് അപൂര്‍വമായ രോഗം ജന്മനാ പിടിപ്പെട്ടത്. കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഭാരിച്ച ചികിത്സ ചെലവ് താങ്ങാന്‍ കഴിയാതെയാണ് മാതാപിതാക്കള്‍ മകളുടെ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന ആരോഗ്യമന്ത്രി കാമിനേനി ശ്രീനിവാസ് ഇക്കാര്യം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് കുട്ടിക്ക് സഹായം നല്‍കുന്നത്.
കുട്ടിയുടെ പിതാവായ രമണപ്പാ കുഞ്ഞിന് കരള്‍ നല്‍കാന്‍ തയ്യാറാണ്. കുട്ടിയുടെ ശസ്ത്രക്രിയ വരുന്ന തിങ്കളാഴ്ച ചെന്നൈയിലെ ആശുപത്രിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്കായുള്ള എല്ലാ ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
Post Your Comments