ദുബായ് : ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് തുണച്ചത് ഗള്‍ഫ് പ്രവാസികളെ. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും വര്‍ധിച്ചു.
ബ്രെക്‌സിറ്റ് ഫലത്തിനു പിന്നാലെ രൂപ ഇടിയുമെന്ന കണക്കുകൂട്ടലില്‍ പണം അയയ്ക്കാന്‍ കാത്തിരുന്നവരാണു പലരും. വന്‍ തുകകളാണു പലരും അയച്ചത്. 10 ലക്ഷം രൂപ വരെ അയച്ചവരുണ്ടെന്നാണു ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിരാവിലെ പണം അയച്ചവര്‍ക്കാണു കൂടുതല്‍ ഗുണം ലഭിച്ചത്. പിന്നീടു രൂപ അല്‍പം മെച്ചപ്പെട്ടു. മാസാവസാനത്തോട് അടുത്ത സമയത്തു ശമ്പളം അയയ്ക്കാനില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്കു കാര്യമായ നേട്ടം കൊയ്യാനായില്ല.
അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി വിപണിയില്‍ ഉയര്‍ന്ന നിരക്ക് തുടരാനാണ് സാധ്യതയെന്ന് ഈ മേഖലകളില്‍ ഉള്ളവര്‍ പറയുന്നു. വിവിധ രാജ്യങ്ങള്‍ കറന്‍സിയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനാല്‍ വിനിമയ മൂല്യം കുറയും മുന്‍പ് പ്രവാസികള്‍ അവസരം വിനിയോഗിക്കണമെന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു.
Post Your Comments