മുംബൈ: ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ കറാച്ചിയില്‍വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ ഇളയ സഹോദരനായ ഹുമയൂണ്‍ കസ്‌കര്‍ ആണ് മരിച്ചത്. നാല്‍പതുകാരനായ കസ്‌കര്‍ ഏറെക്കാലമായി രോഗ ബാധിതനായിരുന്നെന്ന് ആജ് തക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1993 മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. എന്നാല്‍, ഹുമയൂണ്‍ ഏതെങ്കിലും തരത്തില്‍ സ്‌ഫോടനവുമായി ബന്ധമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടില്ല. അതേസമയം, ചില കുറ്റകൃത്യങ്ങളില്‍പ്പെട്ടിട്ടുള്ള ഇയാളെ ഇന്ത്യന്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുന്‍പ് നേപ്പാള്‍ വഴി രക്ഷപ്പെട്ട കസ്‌കര്‍ ഇതിനുശേഷം പാക്കിസ്ഥാനില്‍ സ്ഥിരതാമസമാക്കുകയായിരുന്നെന്നാണ് മുംബൈ പോലീസ് പറയുന്നത്. സഹോദരന്‍ ദാവൂദിന്റെ ചില ബിസിനസുകളുമായി ബന്ധപ്പെട്ട് കസ്‌കര്‍ ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ തിരയുന്ന ദാവൂദ് പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണ്. അടുത്തിടെ ഒരു മാധ്യമം ദാവൂദിന്റെ വീടിന്റെ ചിത്രവും സ്ഥാനവും ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. ഇയാളെ ഇന്ത്യയ്ക്ക് വിട്ടു നല്‍കണമെന്ന് ഇന്ത്യന്‍ അധികൃതര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാന്‍ അതിന് തയ്യാറായിട്ടില്ല. ദാവൂദ് പാക്കിസ്ഥാനിലില്ലെന്നാണ് പാക് സര്‍ക്കാരിന്റെ വാദം.
Post Your Comments