സോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളില്‍ ചേര്‍ന്ന എന്‍.എസ്.ജിയുടെ പ്ലീനറി സമ്മേളനത്തില്‍ തീരുമാനമെടുത്തു. ചൈന, ബ്രസീല്‍, ഓസ്ട്രിയ, ന്യൂസീലന്‍ഡ് എന്നീ നാലു രാജ്യങ്ങളാണ് ഇന്ത്യയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നത്.
ചൈനയുടെ എതിര്‍പ്പ് മറികടക്കാന്‍ അവസാനവട്ട നീക്കമെന്ന നിലയ്ക്ക് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ അതും ഫലപ്രാപ്തിയിലെത്തിയില്ല. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഇന്ത്യ ഒപ്പുവയ്ക്കാത്തതാണു പ്രവേശനത്തിനു തടസ്സം.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ സോളിലെത്തി ഇന്ത്യയുടെ നീക്കങ്ങള്‍ക്കു പിന്തുണ തേടി ഒട്ടേറെ സമ്മേളന പ്രതിനിധികളെ കണ്ടിരുന്നു. 48 അംഗരാജ്യങ്ങളില്‍നിന്നുള്ള 300 പേരാണു പ്ലീനറിയില്‍ പങ്കെടുത്തത്. മുഴുവന്‍ അംഗരാജ്യങ്ങളും പിന്തുണച്ചാലേ ഏതെങ്കിലും രാജ്യത്തിനു അംഗത്വം നല്‍കാനാകൂ.
Post Your Comments