കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ചിത്രങ്ങള്‍ പുറത്ത്. അമീറിന്റേതെന്ന പേരില്‍ അയാളുടെ ജന്മനാട്ടിലുള്ള ചില സുഹൃത്തുക്കളാണു ചിത്രങ്ങള്‍ പുറത്തുവിട്ടത്. അമീറിനെ തിരക്കി കേരള പോലീസ് അസമില്‍ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്തായത്.
അന്വേഷണ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ചില ഫോട്ടോകള്‍ അമീറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ഷങ്ങള്‍ക്കു മുന്പ് നാട്ടില്‍നിന്നു പോയ അമീറിന്റെ ചിത്രങ്ങള്‍ അയച്ചുകിട്ടിയത്. രുപസാദൃശ്യമുള്ളതിനാല്‍ ചിത്രങ്ങള്‍ അമീറിന്റേതെന്ന് ഉറപ്പിച്ചതായാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
താടി നീട്ടി വളര്‍ത്തിയത് ഒഴിച്ചാല്‍ ഫോട്ടോയിലുള്ള രൂപം തന്നെയാണു പ്രതിയുടേതെന്നും പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്നുമാണ് സൂചന.
കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തയാറാക്കിയ പത്തിലധികം രേഖാചിത്രങ്ങളില്‍ രണ്ടെണ്ണം മാത്രമാണു പുറത്തുവിട്ടത്. സാമ്യമില്ലാത്ത രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത് പ്രതിയെ കബളിപ്പിച്ച് കസ്റ്റഡിയില്‍ എടുക്കാനായിരുന്നെന്നാണ് വിവരം. എന്നാല്‍ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള നിരവധി ആളുകളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
അതിനിടെ അമീറിന്റെ ഡി.എന്‍.എ. പരിശോധന മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്താനായി കുറുപ്പംപടി സബ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം ഇന്നലെ അപേക്ഷ നല്‍കി. ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍, വാതില്‍ കൊളുത്തില്‍നിന്നു ലഭിച്ച രക്തം, നഖത്തില്‍നിന്നു ലഭിച്ച കോശങ്ങള്‍ എന്നിവയുടെ ഡി.എന്‍.എ. അമീറിന്റേതാണെന്ന് ആദ്യം നടന്ന അനൗദ്യോഗിക
പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഡി.എന്‍.എ. പരിശോധന നടത്താന്‍ ആലോചിക്കുന്നത്. കേസില്‍ വനിത പ്രോസിക്യൂട്ടറെ നിയമിക്കാനും നീക്കമുണ്ട്. പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച് അനുയോജ്യമായ തീരുമാനം അറിയിക്കാനാണ് അഭ്യന്തരവകുപ്പില്‍നിന്നു പോലീസിന് ലഭിച്ച നിര്‍ദേശം.
പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധം എവിടെയെന്ന് വെളിപ്പെടുത്തിെയന്നാണു വിവരം. സംഭവദിവസം അമീര്‍ യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും ജിഷയുടെ വീടിനു സമീപത്തുണ്ടായിരുന്ന മറ്റൊരാളും പ്രതിയെ കണ്ടിരുന്നതായി വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കണ്ടെത്തിയിട്ടില്ല. ജിഷയെ കൊന്നശേഷം പ്രതി താമസസ്ഥലത്തേക്ക് പോയത് വട്ടോളിപ്പടിയില്‍നിന്ന് ഓട്ടോ വിളിച്ചതായാണു അമീര്‍ മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ഓടിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
ഇരുപതില്‍ താഴെ ഓട്ടോറിക്ഷകള്‍ മാത്രമാണ് വട്ടോളിപ്പടി സ്റ്റാന്‍ഡില്‍ പതിവായി ഉണ്ടാകാറുള്ളത്. എന്നാല്‍ ഇവരാരും ഇക്കാര്യം സമ്മതിച്ചിട്ടില്ല. ജിഷയുടെ വീടിനുസമീപത്തു പശുവിനെ മേയ്ച്ചുനിന്നയാളും തന്നെ കണ്ടിരുന്നതായാണ് അമീറിന്റെ മൊഴി. ഇത് ജിഷയുടെ അയല്‍വാസി തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൂടാതെ വട്ടോളിപ്പടിയിലും കനാല്‍ ബണ്ടിലും ഉണ്ടായിരുന്ന മറ്റ് പലരും പ്രതിയെ കണ്ടിരുന്നതായി സൂചനകളുണ്ട്.
അതിനിടെ പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിടാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് അന്വേഷണസംഘത്തിലെ ഒരുവിഭാഗം കരുതുന്നു. പ്രതിയെതിരിച്ചറിഞ്ഞ് പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുള്ള വഴിയടയുകയാണ് വൈകുംതോറും ഉണ്ടാവുകയെന്നും ഭിന്നാഭിപ്രായമുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ പുറത്തുവിടുമെന്നു വിവരമുണ്ട്. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ആലുവയിലോ പെരുമ്പാവൂരിലോ പത്രസമ്മേളനം നടത്താനാണ് തീരുമാനം.
Post Your Comments