തിരുവനന്തപുരം: പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 33 ഇനം മരുന്നുകളുടെ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ട് 20 ദിവസമാകുമ്പോഴും സംസ്ഥാനത്ത് കൂടിയ വില തന്നെ. പകരം പുതിയ മരുന്നുകള്‍ വിപണിയിലെത്താത്തതും ഉത്തരവ് നടപ്പാക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന് കഴിയാത്തതുമാണ് രോഗികള്‍ക്ക് തിരിച്ചടിയായത്.
കേരളത്തില്‍ പൊതു, സ്വകാര്യമേഖലകളിലായി പത്തൊന്‍പതിനായിരത്തോളം മരുന്നുവിതരണ കേന്ദ്രങ്ങളാണുള്ളത്. എന്നാല്‍ പരിശോധന നടത്താന്‍ 47 ഡ്രഗ് ഇന്‍സ്പെക്ടര്‍മാരേയുള്ളൂ. രക്തസമ്മര്‍ദം, പ്രമേഹം, അപസ്മാരം, അണുബാധ, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള 33 ഇനം മരുന്നുകളുടെ വിലകുറച്ചു കഴിഞ്ഞ നാലിനാണ് ദേശീയ ഔഷധവില സമിതി (എന്‍.പി.പി.എ) ഉത്തരവിറക്കിയത്.
അതേദിവസം മുതല്‍ നിരക്കുകുറവു പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിനോ മരുന്നു വിപണന കേന്ദ്രങ്ങള്‍ക്കോ യഥാസമയം അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. കന്പനികള്‍ കൂടിയ വിലയുടെ മരുന്നുകള്‍ തിരിച്ചെടുത്ത് കുറഞ്ഞ വിലയുടെ സ്റ്റിക്കര്‍ പതിപ്പിച്ച് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പുതിയ വിലയില്‍ ബില്‍ അടിച്ചു കൊടുക്കുന്നതില്‍ കാലതാമസം വരുത്തുകയാണ് കഴിഞ്ഞ മാര്‍ച്ച് 28ന് 54 ഇനം മരുന്നുകളുടെ വിലകുറച്ചപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു.
രക്താര്‍ബുദത്തിനുള്ള മരുന്നായ ഇമാറ്റിനിബ്-400, പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിന്‍ 500 തുടങ്ങിയവ രോഗികള്‍ മുടക്കംകൂടാതെ കഴിക്കേണ്ടവയാണ്. ഇവയ്ക്ക് പകരം മരുന്നുകള്‍ ലഭിക്കുംമുന്പ് മരുന്നുകളുടെ വിതരണം നിര്‍ത്തിവയ്ക്കുന്നത് നിരവധിപേരുടെ ജീവന്‍ അപകടത്തിലാക്കും. ഇമാറ്റിനിബ് -400 ന് 2015 ഏപ്രിലില്‍ 2932 രൂപയായിരുന്നു. ജൂണില്‍ 2882 ആയി കുറച്ചു. ഇത്തവണ 2132 ആയാണ് നിരക്ക് നിശ്ചയിച്ചത്. വിലകുറച്ചപ്പോള്‍ വിറ്റുവരവ് ഇടിഞ്ഞതിനാല്‍ അത് മറികടക്കാന്‍ 10 എണ്ണം ഉണ്ടായിരുന്ന സ്ട്രിപ്പ് ഇപ്പോള്‍ പതിനഞ്ചും ഇരുപതും ആക്കി വിപണിയിലെത്തിക്കുന്നുണ്ട്.
ഫലത്തില്‍ കൂടിയവിലയ്ക്ക് വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. മുമ്പ് കേരള ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കെല്‍ട്രോണുമായി സഹകരിച്ച് വില പുതുക്കി നിശ്ചിയിക്കുന്ന മരുന്നുകളുടെ രാസനാമം, ബാച്ച് നന്പര്‍, നിര്‍മിച്ച തീയതി, കാലാവധി തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ സന്ദേശമായി അയച്ചിരുന്നു. ഇപ്പോള്‍ ഈ സംവിധാനമില്ല. ഇത്തരം ഘട്ടങ്ങളില്‍ വിലയില്‍ മാറ്റംവന്ന മരുന്നുകള്‍ക്കുപകരം മരുന്നുകള്‍ വില്‍പനയ്ക്ക് കൊണ്ടുവരുന്നതിന് 15 മുതല്‍ 45 ദിവസംവരെയെങ്കിലും സാവകാശം വേണമെന്നാണ് സംസ്ഥാന റീട്ടയില്‍ കെമിസ്റ്റ്ഫോറം ചെയര്‍മാന്‍ സി. സനലിന്‍റെ അഭിപ്രായം.
മരുന്നുകളുടെ വിലനിയന്ത്രണം, ലഭ്യത, കയറ്റുമതി – ഇറക്കുമതി എന്നിവയെല്ലാം നിലവില്‍ കേന്ദ്ര പെട്രോളിയം -രാസവകുപ്പിന് കീഴിലാണ്. അത് ആരോഗ്യവകുപ്പിന് കീഴിലാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. വിലകുറച്ച മരുന്നുകള്‍ പേരുമാറ്റി വില്‍ക്കാനുള്ള ശ്രമവും ചില കന്പനികള്‍ നടത്തുന്നുണ്ട്. നിലവില്‍ വളരെക്കുറച്ച് മെഡിക്കല്‍ സ്റ്റോറുകളും സ്വകാര്യാശുപത്രികളുമാണ് വിലകുറച്ചത്. അവര്‍ പുതിയത് ലഭിക്കാത്തതിനാല്‍ സ്റ്റോക്കുളള മരുന്നില്‍ പ്രത്യേക സ്റ്റിക്കറില്‍ പുതുക്കിയ വില ഒട്ടിച്ചാണ് വില്‍ക്കുന്നത്.
Post Your Comments