ലണ്ടന്‍ : ആസാദ് ചായ് വാല എന്ന വിവാദ ബിസിനസുകാരന് SecondWife.com എന്ന വെബ്സൈറ്റ് തുടങ്ങിയതിനെ തുടര്‍ന്നാണ് മാന്യന്മാരായ പല ബ്രിട്ടീഷുകാരുടെയും പൊയ്മുഖം അഴിഞ്ഞ് വീണിരിക്കുന്നത്. ഭാര്യമാരോടുള്ള പലരുടെയും ആത്മാര്‍ത്ഥത വെറും പ്രകടനമാണെന്നും തെളിഞ്ഞിരിക്കുകയാണ്. രണ്ടാമതൊരു ഭാര്യയെ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സഹായിക്കുന്ന വെബ്സൈറ്റാണിത്. ഇത് തുടങ്ങി ഒരാഴ്ചയ്ക്കകം ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 35,000 ബ്രിട്ടീഷുകാരാണ്. ഇതിന് പുറമെ പോളിഗാമി.കോം എന്ന മറ്റൊരു വെബ്സൈറ്റും ഇയാള്‍ക്കുണ്ട്.ബ്രിട്ടനില്‍ ബഹുഭാര്യാത്വം കുറ്റകൃത്യമാണ്.
ഇതിന് ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ താന്‍ ഇതുമായി ബന്ധപ്പെട്ട സര്‍വീസ് നടത്തുന്നത് സദാചാരം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകള്‍ ഒറ്റപ്പെടുന്നത് തടയാനുമാണെന്നാണ് ആസാദ് അവകാശപ്പെടുന്നത്.
തനിക്ക് പഴയ രീതിയിലുള്ള മൂല്യങ്ങളാണുള്ളതെന്ന് തന്റെ വെബ്സൈറ്റിലൂടെ ആസാദ് വ്യക്തമാക്കുന്നുണ്ട്. തന്റെ വെബ്സൈറ്റിന്റെ യൂസര്‍മാര്‍ മാന്യത കാത്ത് സൂക്ഷിക്കണമെന്നും മാന്യമായ ഫോട്ടോകള്‍ മാത്രമേ ഇതില്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം യൂസേര്‍സ് പോളിസിയില്‍ വ്യക്തമാക്കുന്നുണ്ട്. ആസാദിന്റെ പ്രവൃത്തി വിവേകശൂന്യമാണെന്നാണ് പ്രമുഖ മുസ്ലിം എം.പിയായ ഖാലിദ മഹമ്മൂദ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബഹുഭാര്യാത്വത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ ഭാഗമായുള്ള സാമ്പത്തിക അവകാശങ്ങള്‍ ലഭിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ആധുനിക യുഗത്തില്‍ രണ്ടാമതൊരു ഭാര്യയെ തേടുകയെന്നത് സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബെര്‍മിങ്ഹാമിലെ വാഷ് വുഡ് ഹീത്തിലെ കൗണ്‍സിലറായ മറിയം ഖാന് പ്രതികരിച്ചിരിക്കുന്നത്.
Post Your Comments