മസ്‌കറ്റ് : ഒരു മില്ല്യണില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ ജന്മവൈകല്യമാണ് മൂന്നു വയസുള്ള അല്‍ ബറാ എന്ന ഒമാനി ബാലികയ്ക്ക്. താടിയെല്ലിന്റെ വലതുഭാഗം ഇല്ലാത്ത നിലയിലാണ് കുട്ടി ജനിച്ചത്. ഇത് കൊണ്ട് കുട്ടിക്ക് ആഹാരം കഴിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. കൂടാതെ വലതു വശത്തെ കവിളില്‍ ഒരു ചെവി കൂടി അധികമായി കുട്ടിക്കുണ്ട്.
മൃദുവായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പോലും വായിലിട്ട് ചവയ്ക്കാന്‍ അവള്‍ക്കാകില്ലായിരുന്നു. ജ്യൂസ്, പാല്‍, വെള്ളം തുടങ്ങിയ ദ്രാവകരൂപത്തിലുള്ള ആഹാരം മാത്രമാണ് കുട്ടിയുടെ ആഹാരം. ഒന്നു ചിരിക്കാന്‍ പോലും കുട്ടിക്ക് ബുദ്ധിമുട്ടാണെന്നാണ് അച്ഛന്‍ പറയുന്നത്. ഒമാനിലെ ഫര്‍ഹാദിലുള്ള കുടുംബത്തിലെ അംഗമാണ് അല്‍ ബറാ. മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കുകയാണ് അല്‍ ബാറായുടെ പിതാവ് സലിം.
മുംബൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ.വിവേക് സോണിയാണ് അല്‍ ബറായെ ചികിത്സിക്കുന്നത്. ഒരു ശസ്ത്രക്രിയയിലൂടെ അവളുടെ താടിയെല്ലുകള്‍ മാറ്റി പകരം ടൈറ്റാനിയം കൊണ്ടുള്ള താടിയെല്ലുകള്‍ ഘടിപ്പിക്കുകയും, കവിളിലുള്ള ചെറിയ ചെവി നീക്കം ചെയ്യുകയും ചെയ്തു. ഇനിയും മൂന്ന് ശസ്ത്രക്രിയകള്‍ കൂടി ചെയ്യാനുണ്ട്. ആറുമാസത്തിനുള്ളില്‍ ഇതും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments