KeralaNewsIndiaInternational

ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന ഇന്ത്യക്കാരായ 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു

തിരുവനന്തപുരം: ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായിരുന്ന 19 മത്സ്യതൊഴിലാളികളെ വിട്ടയച്ചു. കഴിഞ്ഞ മേയ് 14നു കൊച്ചി ഹാര്‍ബറില്‍ നിന്ന് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ട 19 മത്സ്യത്തൊഴിലാളികള്‍ 27നാണു ഡിയേഗോ ഗാര്‍ഷ്യയില്‍ ബ്രിട്ടിഷ് നാവികസേനയുടെ പിടിയിലായത്. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചെത്തുമെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ട്രോളിങ് സമയമായതിനാല്‍ ഇവരുടെ ബോട്ടുകള്‍ക്ക് പ്രത്യേക അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനു കത്തയച്ചിരുന്നു. ഷാര്‍ഗോസ് മേഖലയിലെ ഇംഗ്ലണ്ടിന്റെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഡീഗോ ഗാര്‍ഷ്യ. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ദ്വീപിനു കിലോമീറ്ററുകള്‍ അകലെവരെ സൈന്യത്തിന്റെ പട്രോളിങ് ഉണ്ട്. വിട്ടയച്ച സംഘത്തിലെ അഞ്ചുപേര്‍ മലയാളികളാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 12 പേരും അസമില്‍ നിന്നുള്ള ഒരാളുമാണു മറ്റുള്ളവര്‍.

പൂവാര്‍ സ്വദേശികളായ സേവ്യറിന്റെ മകന്‍ ഏണസ്റ്റ് (27), ടിറ്റു ദാസന്റെ മകന്‍ അഗസ്റ്റിന്‍ ദാസ് (29), യേശുദാസിന്റെ മകന്‍ കുഞ്ഞുമോന്‍ (28), ജെന്‍വാരിസിന്റെ മകന്‍ ലോറന്‍സ് (55), സെബാസ്റ്റ്യന്റെ മകന്‍ സൈഗിന്‍ (42), പൂന്തുറ സ്വദേശി തന്‍സിലാസിന്റെ മകന്‍ ജോസഫ് (37) എന്നിവരാണു കേരളത്തില്‍ നിന്നുള്ളവര്‍. തമിഴ്‌നാട് തുത്തൂര്‍ സ്വദേശികളായ മരിയന്‍ ജെറിന്‍ (27), ജോണ്‍ കെന്നഡി (40), കന്യാകുമാരി പൂന്തുറ സ്വദേശി ബേബിയന്‍സ് (45), വിരിവാലൈ സ്വദേശി അന്‍വര്‍ (35), വല്ലവിളൈ സ്വദേശി ആന്റണി (27), നീരോടി സ്വദേശികളായ അജിത് (20), ജിനീഷ് (22), മാര്‍ത്താണ്ഡന്‍തുറൈ നിവാസികളായ സുനില്‍ (47), അന്തോണിസ് (47), ആന്റണി പ്രസാദ് (39), അന്തോണിയാര്‍ പിച്ചൈ (35), ജോയ് ആന്റണി (24), അസം സ്വദേശി റൂഡോ (32) എന്നിവരും വിട്ടയച്ചവരില്‍പ്പെടുന്നു.

എല്ലാ വര്‍ഷവും ഇന്ത്യയില്‍നിന്നുള്ള മൂന്നും നാലും ബോട്ടുകള്‍ ദ്വീപില്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടാറുണ്ട്. എന്നാല്‍ പിടിയിലായവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തി ഇംഗ്ലണ്ടിനു കൈമാറുമ്പോള്‍ മേലില്‍ അതിര്‍ത്തി കടക്കില്ലെന്നു രേഖാമൂലം ഉറപ്പുവാങ്ങി വിട്ടയയ്ക്കുകയാണു പതിവ്. ബോട്ടുകള്‍ തുടരെ അതിര്‍ത്തി കടന്നതോടെ മത്സ്യത്തൊഴിലാളികളെ നിയന്ത്രിക്കണമെന്ന് ഇംഗ്ലണ്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആറു മാസം മുന്‍പും ഒരു ബോട്ട് പിടിയിലായിരുന്നു. ഒരു മാസത്തിനു ശേഷമാണ് അതിലുണ്ടായിരുന്നവരെ മോചിപ്പിക്കാനായത്. ബ്രിട്ടിഷ് – ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറിയിലെ (ബി.ഐ.ഒ.ടി) തമിഴ്‌നാട് സ്വദേശിയായ ഉദ്യോഗസ്ഥന്റെ ഇടപെടലാണു തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button