ഭവന്‍നഗര്‍: പിതൃദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ സ്വന്തം അച്ഛന് തുല്യനായ മനുഷ്യനോടുള്ള സ്‌നേഹം ലോകത്തെ അറിയിക്കുകയാണ് ഗുജറാത്തിലെ 472 യുവതികള്‍. അദ്ദേഹത്തിന്റെ പേര് മഹേഷ് സവാനി. മഹേഷ് പപ്പ എന്ന് അവര്‍ അദ്ദേഹത്തെ വിളിക്കുന്നു. മഹേഷ് പപ്പയുടെ സ്വപ്‌നമാണ് ഇന്ന് ഈ യുവതികളുടെ ജീവിതം. അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഒരു കുറവും വരുത്താതെ ഇവരുടെ വിവാഹം നടത്തികൊടുത്തത് ഈ 47കാരനാണ്.
നിര്‍ധനരായ വീടുകളിലെ അച്ഛനില്ലാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുക്കുകയെന്നത് സവാനി ജീവിത സപര്യയായി എടുത്തിട്ട് ഏതാണ്ട് പത്ത് വര്‍ഷക്കാലമായി. അന്തരിച്ച സ്വന്തം സഹോദരന്റെ രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തികൊടുത്തായിരുന്നു തുടക്കം. ‘ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീകളെ സംബന്ധിച്ച് പെണ്‍മക്കളുടെ വിവാഹം വലിയ വെല്ലുവിളിയാണ്. അവര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുകയാണ് എന്റെ ലക്ഷ്യം.’ സവാനി പറയുന്നു.
ഭവന്‍നഗറിലെ റപാര്‍ഡ് ഗ്രാമ നിവാസിയാണ് ഇദ്ദേഹം. പാരമ്പര്യമായി തുടരുന്ന ഡയമണ്ട് ബിസിനസ്സാണ് തൊഴില്‍. സമ്പാദിക്കുന്ന പണത്തില്‍ നിന്നും ഒരു വിഹിതം നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കായി മാറ്റിവെയ്ക്കും. അച്ഛനില്ലാത്തതിന്റെ കുറവ് പെണ്‍കുട്ടികളുടെ വിവാഹത്തില്‍ ഉണ്ടാകരുതെന്ന് സവാനിക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ തന്നെ ഓരോരുത്തരുടേയും വിവാഹത്തിന് നാല് ലക്ഷം രൂപയാണ് സവാനി മുടക്കിയത്. ഈ വര്‍ഷം 216 പെണ്‍കുട്ടികളുടെ വിവാഹം നടത്തികൊടുക്കാന്‍ ഒരുങ്ങുകയാണ് സവാനി. ഒരു മതവിശ്വാസികളോട് അദ്ദേഹത്തിന് വിവേചനമില്ല.
“അച്ഛനേക്കാള്‍ വലിയൊരു ആളാണ് മഹേഷ് പപ്പ എനിക്ക്. ലോകത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതുപോലെയൊരു അച്ഛനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു” 2014ല്‍ വിവാഹിതയായ നഹേഡ ബാന പറയുന്നു.
“ഒരു മെസേജ് അയച്ചാല്‍ മതി, മഹേഷ് പപ്പ ഓടി വരും” സവാനിയെക്കുറിച്ച് ഹിന കാതിരിയ എന്ന യുവതിയുടെ പ്രതികരണം ഇങ്ങനെ. ആറ് വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട ഹിന 2015ലാണ് വിവാഹിതയായത്.
Post Your Comments