ഡല്‍ഹി: ദളിത് യുവതികളെയും കൈക്കുഞ്ഞിനെയും ജയിലിലടച്ച സംഭവത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസും എതിര് കേസുമുണ്ട് അതിലെന്താണ് പ്രതികരിക്കാന്‍. അമ്മയെയാണ് ജയിലിലടച്ചത്. കുട്ടിയെ അമ്മ കൂടെക്കൂട്ടുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.
എത്രയോ ആദിവാസി അമ്മമാര്‍ കുട്ടികളെയും കൊണ്ട് ജയിലില്‍ കിടന്നിരുന്നുവെന്നും കുട്ടികള്‍ ജയിലില്‍ പോകുന്നുന്നത് ആദ്യമായിട്ടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജയിലില്‍ പോകാന്‍ എ.കെ ആന്റണി ആഹ്വാനം ചെയ്തിരുന്നു. മറ്റ് വഴികള്‍ ഇല്ലാത്തതിനാലാകാം കോണ്‍ഗ്രസ് ഈ വഴി സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിണറായി വിജയന്.
ദളിത് യുവതികളുടെ അറസ്റ്റിനെ കുറിച്ച് മുമ്പ് ചോദിച്ചപ്പോഴും തനിക്കൊന്നും അറിയില്ലെന്നും അത് പൊലീസിനോട് ചോദിക്കാനുമായിരുന്നു പിണറായി വിജയന് പറഞ്ഞിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകരെ ആക്രമിച്ചുവന്ന കേസില്‍ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ ദളിത് പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്‍. രാജന്റെ മകള്‍ അഞ്ജന(25)യെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു യുവതി. ശനിയാഴ്ച രാത്രി 11.30യോടെയാണ് സംഭവം.
നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികളും സി.പി.ഐ.എം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്ത്തകന് ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഉപാധികളോടെ തലശ്ശേരി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടികള്‍ ജയിലിലേക്ക് പോയത്.
സംഭവത്തിന് ശേഷം രാജന്റെ വീടും കാറും ആക്രമിക്കുകയും രാജനേയും പെണ്മക്കളേയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലായിരുന്നു.
Post Your Comments