ജൂണ്‍ ആദ്യവാരം കാനഡയില്‍ സന്ദര്‍ശനം നടത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയോട് ചൈനയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ചോദ്യംചോദിച്ച പത്രപ്രവര്‍ത്തകയ്ക്ക് യിയുടെ കോപത്തിന് പാത്രമായി നല്ല ചീത്ത കേള്‍ക്കേണ്ടി വന്നു.
കനേഡിയന്‍ പൗരനായ കെവിന്‍ ഗാരറ്റിനെ ചൈനയില്‍ തടവിലാക്കിയതിനെപ്പറ്റിയാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ഐപൊളിറ്റിക്സിന്‍റെ ലേഖിക വാംഗ് യിയോട് ചോദ്യമുന്നയിച്ചത്. ചോദ്യംകേട്ടതേ കോപാകുലനായ യി തികച്ചും “നിരുത്തരവാദപരമായ” ചോദ്യമാണ് ലേഖിക ചോദിച്ചതെന്ന് പറഞ്ഞ് തിരിച്ചടിച്ചു. കനേഡിയന്‍ വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ ഡിയോണുമൊത്ത് കാനഡയുടെ ഗ്ലോബല്‍ അഫയേഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു വാംഗ് യി.
ചാരവൃത്തി ആരോപിച്ചാണ് ചൈന കെവിന്‍ ഗാരറ്റിനെ തടവിലിട്ടിരിക്കുന്നത്.
ചൈനയെക്കുറിച്ച് മുന്‍വിധികളോടെയും എതിര്‍മനോഭാവത്തോടെയും ആണ് ലേഖിക ചോദ്യമുന്നയിച്ചതെന്നും യി പറഞ്ഞു. ചൈനയിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ചൈനീസ് പൗരന്മാര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നും യി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച മറ്റു വാര്‍ത്താ ചാനലുകളുടെ ലേഖകരും അംഗീകരിച്ച ചോദ്യമായിരുന്നു ഐപൊളിറ്റിക്സ് ലേഖികയുടേത്.
Post Your Comments