അഴിമതി: സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ കർക്കശ നിലപാടിന് കേന്ദ്രം.
അഴിമതിക്ക് കൂട്ടുനിന്നാലും അഴിമതി നടക്കുന്നത് അറിഞ്ഞിട്ടും റിപ്പോർട് ചെയ്യാതിരുന്നാലും നടപടി. ശമ്പള പരിഷ്കരണത്തോടൊപ്പം ജീവനക്കാരുടെ കഴിവും പ്രതിബദ്ധതയും ഉറപ്പാക്കും.
കെവിഎസ് ഹരിദാസ്
രാജ്യത്ത് ഉദ്യോഗസ്ഥ തലത്തിൽ വലിയ ചില നീക്കങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ തയ്യാറായേക്കുമെന്ന് സൂചന. ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിനൊപ്പം ജീവനക്കാരെ ഉത്തരവാദിത്തബോധവാന്മാരാക്കുവാനും കഴിവുള്ളവരാക്കാനും സർക്കാർ ശ്രദ്ധിക്കുമെന്ന് വ്യക്തം. ഇന്നുള്ളവരിൽ പലരിൽ നിന്നും വേണ്ടുന്നത്ര ” പ്രയോജനം ” ലഭിക്കുന്നില്ലെന്ന പൊതുവെയുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം. ഏൽപ്പിച്ച ജോലികൾ കൃത്യതയോടെ പ്രതിബദ്ധതയോടെ വ്യക്തമായി നിർവഹിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്താനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ മുന്നിലുള്ളത്. കാലവും സാഹചര്യവും മാറുന്നതിനനുസരിച്ചു ജീവനക്കാർ സ്വയം മാറണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം. നരേന്ദ്ര മോദി സർക്കാർ അടുത്ത ദിവസങ്ങളിൽ അല്ലെങ്കിൽ അടുത്ത മാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖല ജീവനക്കാരുടേതു തന്നെയാവും. സർക്കാർ സർവീസ് മാത്രമല്ല ബാങ്കിങ് ഉൾപ്പടെയുള്ള മേഖലകളെയും ആ നിലക്ക് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് അതിന്ന് അനിവാര്യമാണ്; സർക്കാരിനെ കൂടുതൽ ജനകീയമാക്കാനുള്ള കർമ്മ പദ്ധതികൾക്കൊപ്പം ഇതുകൂടി കണക്കിലെടുക്കാനാണ് ഭരണത്തലത്തിലുള്ള ചിന്ത എന്നാണ് സൂചനകൾ. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് കേന്ദ്രം നടപ്പാക്കാൻ പോകുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അധിക ബാധ്യതയാണ് അതു സർക്കാരിനുണ്ടാക്കുക. അതിനൊപ്പമാണ് ഇത്തരത്തിലുള്ള ‘ക്വാളിറ്റി ഘടകം’ കൂടി ഉന്നയിക്കാനും നടപ്പിലാക്കാനും സർക്കാർ ഉദ്ദേശിക്കുന്നത്.
മോദി സർക്കാർ അധികാരമേറ്റശേഷം കഴിവ് കാട്ടാത്തതിനും ക്രമക്കേടുകൾചെയ്തതിനും കുറെയേറെ പേരെ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. വിവിധ മന്ത്രാലയങ്ങൾക്കു കീഴിലുള്ളവരാണ് അവരെങ്കിലും ഏറ്റവുമധികം പേര് ആദായ നികുതി, സെൻട്രൽ എക്സൈസ് എന്നിവയിൽ നിന്നുള്ളവരാണ് എന്നാണ് വിവരം. ഇന്നിപ്പോൾ ഏതാണ്ട് 150 ബാങ്ക് ഉദ്യോഗസ്ഥരാണ് അഴിമതിക്കേസിൽ പെട്ടു സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിരീക്ഷണത്തിലുള്ളത്. ദേശസാൽകൃത ബാങ്കുകളിലെ ജീവനക്കാരുടെ കാര്യമാണിത്. അതിൽ സ്വീപ്പർമാർ മുതൽ ഉന്നതോദ്യോഗസ്ഥർ വരെയുണ്ട്. 190 പേർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്കായി സിവിസി അനുമതി തേടിയിട്ടുമുണ്ട്. 23 ബാങ്കുകളിലെ ഉദ്യോഗസ്ഥരാണവർ . ഐ എ എസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും സിവിസി പിടികൂടിയിട്ടുണ്ട്. എട്ട് ഐ എ എസ്‌കാരുടെ അഴിമതി കേസ് പേഴ്‌സണൽ മന്ത്രാലയത്തിന്റെ മുന്നിലാണ്. റയിൽവേ, ആഭ്യന്തരം, ആരോഗ്യം, പ്രതിരോധം, സ്റ്റീൽ തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥരും കേസിൽ പെട്ടിട്ടുണ്ട് . അടുത്തകാലത്തായി അഴിമതി വിരുദ്ധ നീക്കം ശക്തമാക്കിയതും അത്തരം കേസുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടുമാണ് അതിനു പ്രധാന കാരണം. പ്രോസിക്യൂഷന് അനുമതി തേടിയാൽ, പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത് . അതിന്റെയൊക്കെ പ്രതികരണം സാധാരണ സർക്കാർ ജീവനക്കാരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ അതു കൂടുതൽ വ്യക്തമാക്കാനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സൂചിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്തുനടന്ന തട്ടിപ്പുകൾ, ക്രമക്കേടുകൾ എന്നിവയും അതിനു വഴിവെച്ചിട്ടുണ്ട്. “സത്യസന്ധമായി പ്രവർത്തിക്കുക, അല്ലെങ്കിൽ ജോലി ഉണ്ടാവില്ല” എന്ന തോന്നലുണ്ടാക്കാൻ അത്തരം ചില നടപടികൾ സഹായിച്ചിട്ടുണ്ട്. ഇതാണ് ആദ്യമേ മുതൽ മോദി സർക്കാർ സ്വീകരിച്ച നിലപാട്. വർഷം രണ്ടു പിന്നിട്ടെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ പോലും അഴിമതി ആരോപിക്കാൻ ആർക്കും കഴിയാത്തതും ആ മുൻകരുതലും ശ്രദ്ധയും കൊണ്ടാണ്. അതു മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ കാര്യത്തിലും മറ്റും സ്വീകരിച്ചിരുന്നു. ഇനി താമസം പാടില്ലെന്നും ജീവനക്കാരെയും അതിനുതക്ക വിധം ജോലി നിർവഹിക്കാൻ പ്രാപ്തരും യോഗ്യരുമാക്കണമെന്നും കരുതുന്നു.
ഇതു പുതിയ ഒരു കാര്യമല്ല. 1997 -ൽ തന്നെ അഞ്ചാം ശമ്പള കമ്മീഷൻ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. സർക്കാർ സർവീസിൽ വലിയൊരു പരിഷ്കരണമാണ് അന്ന് ശമ്പള കമ്മീഷൻ ലക്ഷ്യമിട്ടത് . പരിഷ്കരണമെന്നതിലൂടെ ആധുനികവൽക്കരണവും അതുപോലെ കാലത്തിനൊത്ത മാറ്റവുമായിരുന്നു അവർ ലക്ഷ്യമിട്ടത് . എന്നാൽ അന്നത്തെ പരിഷ്കരണം സംബന്ധിച്ച ശുപാർശകൾ കാണാതെ പോകുകയും ശമ്പള പരിഷ്കരണം നടപ്പിലാക്കുകയും ചെയ്തു. അതാണ് സംഭവിച്ച പാളിച്ച എന്നതാണ് കേന്ദ്രത്തിലെ വിദഗ്‌ധരുടെ വിലയിരുത്തൽ. ജീവനക്കാരുടെ കാഴ്ചപ്പാട്, സമീപനം എന്നിവയിലെ പോരായ്‌മ അല്ലെങ്കിൽ അവ്യക്തത, കാഴ്ചപ്പാടില്ലായ്മ എന്നിവയെല്ലാം പലതരത്തിൽ രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്തകാലത്ത് , പ്രത്യേകിച്ചു് യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ, നടന്ന വലിയ അഴിമതികൾ തന്നെ അതിനൊരു ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു. താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർ പോലുമറിയാതെ അതിൽ പലതും നടക്കുമായിരുന്നില്ല. അവർക്കതിൽ പങ്കുണ്ടോ എന്നതല്ല മറിച്ചു അവരറിയാതെ പലതും നടക്കുമായിരുന്നില്ല. അതാണ് നമ്മുടെ സർക്കാർ ഓഫിസുകളുടെ നടപടിക്രമം. തന്റെ മുന്നിലെത്തുന്ന ഒരു ഫയലിൽ ക്രമക്കേട് ഉണ്ടെങ്കിൽ അതു ചൂണ്ടിക്കാണിക്കപ്പെടണ്ടേ?. അതെല്ലാംഫയലിൽ രേഖപ്പെടുത്തണ്ടേ?. അതു പലപ്പോഴും നടന്നിരുന്നില്ല, നടക്കുന്നില്ല. കോമൺ വെൽത്ത് ഗെയിംസ് അഴിമതി (സി ബ്ല്യൂ ജി ) മുതൽ ടു ജിയും കൽക്കരിയും വരെയുള്ള അനവധി തട്ടിപ്പുകളുടെ പിന്നാമ്പുറം പരിശോധിച്ചാൽ അതു വ്യക്തമാവും. ഉദ്യോഗസ്ഥർ ശക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ പലകുഴപ്പങ്ങളും ഒഴിവാകുമായിരുന്നു എന്നതാണ് വസ്തുത. ഇവിടെ കാണുന്ന പ്രശ്നം ഒരു പ്രതിബദ്ധതയുടെ അഭാവമാണ് എന്നതാണ് ഒരു വിലയിരുത്തൽ. ഒരു ഫയലെത്തുമ്പോൾ അതിലെ നിർദ്ദേശം രാജ്യത്തിനു ദോഷമുണ്ടാക്കുന്നതോ നഷ്ടം ഉണ്ടാക്കുന്നതോ ആണെങ്കിൽ അതിനെതിരെ പ്രതികരിക്കേണ്ട ചുമതല ഉദ്യോഗസ്ഥർക്കുണ്ടല്ലോ എന്നതാണ് പ്രശ്‌നം. രാജ്യ താല്പര്യമാണ് അവിടെ ജീവനക്കാർ ഉയർത്തിപ്പിടിക്കേണ്ടത് അല്ലാതെ മേലധികാരിയുടെയൊ രാഷ്ട്രീയ മേധാവിയുടെയോ അല്ല എന്ന വ്യക്തമായ സൂചനകൾ നൽകാൻ സർക്കാർ ആഗ്രഹിക്കുന്നു. ജീവനക്കാരുടെ ഇത്തരം മനോഗതി എങ്ങിനെ മാറ്റാനാവും എന്നതും സർക്കാരിന്റെ പരിഗണയിലാണ്. ഒരേസമയം ബോധവൽക്കരണം നടത്തുക, അതിനൊപ്പം കർക്കശമായ നിലപാടുകൾ കൈക്കൊള്ളുക എന്നതാവും സർക്കാർ സ്വീകരിക്കുക എന്നാണ് മനസിലാവുന്നത്. അതിന് വിജിലൻസ് പോലുള്ള സംവിധാനങ്ങളെ ശക്തമാക്കാനും നിഷ്പക്ഷവും നീതിപൂർവ്വവുമാക്കാനും ശ്രമിക്കണമെന്നതും പ്രധാന പരിഗണയിൽ പെടുന്നു.
സാങ്കേതിക – ശാസ്ത്ര മേഖലയിലും മറ്റു രംഗങ്ങളിലും മാറ്റമുണ്ടാക്കാൻ സർക്കാർ ആദ്യമേ മുതൽ ശ്രമിച്ചിരുന്നു. സർക്കാരിനെക്കുറിച്ചുള്ള ഒരു സങ്കൽപ്പം തന്നെയാണ് മാറേണ്ടത് എന്നതായിരുന്നു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. അതു അദ്ദേഹം സഹ മന്ത്രിമാരുമായി പങ്കുവെച്ചു; മുതിർന്ന ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു……….. മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും അതെല്ലാം ഏറ്റെടുത്തു എന്നതും നാം കണ്ടു. അവർ കഴിവിനൊത്തു ജോലിചെയ്യാൻ തയ്യാറായി. അങ്ങിനെചെയ്തവർക്ക് അംഗീകാരവും ലഭിച്ചു; അതു പറയാതെ പൊയ്‌ക്കൂടാ. താഴെ തട്ടിലാണ് പ്രശ്നം കണ്ടത്. കുഴപ്പം എവിടെയുമുണ്ട് എന്നത് എല്ലാവർക്കുമറിയാം. പക്ഷെ മുകൾത്തട്ടിൽ അതു കുറയ്ക്കാനായി, പതുക്കെപ്പതുക്കെ. തെറ്റുചെയ്യാൻ ആരു പ്രേരിപ്പിച്ചാലും, അതു സ്വന്തം വകുപ്പ് മന്ത്രിയായാലും, വഴങ്ങേണ്ടതില്ലെന്നും അങ്ങിനെ ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ തന്നെ നേരിട്ട് വിളിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും നേരത്തെ തന്നെ സെക്രട്ടറി തലത്തിലുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരെ നരേന്ദ്ര മോദി തന്നെ അറിയിച്ചിരുന്നത് ഓർക്കുക. അതുകൊണ്ടുതന്നെ ആ നിലവാരത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഇനി ഒഴിവുകഴിവു പറയാൻ കഴിതായി. ശുപാർശകൾ, തെറ്റായ നടപടികൾ എന്നിവക്ക് അവരാരും മുതിരാത്ത അവസ്ഥയും വന്നുചേർന്നു. അതാണ് മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് എന്ന് ഇന്നിപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ തോന്നിപ്പോകുന്നു.
അഴിമതി തടയുന്നതിൽ സാധാരണ സർക്കാർ ഉദ്യോഗസ്ഥർക്ക് ഭാരിച്ച ഉത്തരവാദിത്തമുണ്ട് എന്നതാണ് സർക്കാരിന്റെ നിലപാട്. അവർ വിചാരിച്ചാൽ അഴിമതി നടക്കാതെ നോക്കാനാവും. ഉന്നതോദ്യോഗസ്ഥർക്കു മാത്രമല്ല താഴെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അക്കാര്യത്തിൽ ചുമതലയും ഉത്തരവാദിത്തവുമുണ്ട്. അത് ജീവനക്കാരെ ഓർമ്മിപ്പിക്കുക, അതോടൊപ്പം അഴിമതിക്കാരെയും അഴിമതി നടക്കുന്നു എന്നറിഞ്ഞിട്ടും അതു വിജിലൻസ് പോലുള്ള സംവിധാനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നവരെയും നിയമത്തിന്റെ മുന്നിൽ വേഗത്തിൽ കൊണ്ടുവരിക; ഇതാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നു വ്യക്തം. അടുത്ത ദിവസങ്ങളിൽ അതുസംബന്ധിച്ച ചില സൂചനകൾ കണ്ടുതുടങ്ങും.
Post Your Comments