ന്യൂഡല്‍ഹി : പൊട്ടാസ്യം ബ്രോമേറ്റ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ക്യാന്‍സറിന് കാരണമാകാമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചത്. ബ്രഡ് അടക്കമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇവ ഉപയോഗിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാസം ഇത്തരം രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉപയോഗം നിരോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന് മുന്നില്‍ നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു.
ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ക്യാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോര്‍മെന്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം ഇവ നിരോധിച്ചത്. വിപണിയിലുള്ള 84 ശതമാനം ബ്രഡ് ഉത്പന്നങ്ങളിലും ക്യാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും കാരണമായ രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ പ്രമുഖ ബ്രഡ് നിര്‍മാതക്കള്‍ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗം സ്വമേധയാ നിര്‍ത്തുമെന്ന് അറിയിച്ചിരുന്നു.
ഇത്തരം രാസവസ്തുക്കള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന് കണ്ടെത്തിയതിനാല്‍ മിക്ക വിദേശ രാജ്യങ്ങളിലും നിരോധിച്ചവയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പൊട്ടാസ്യം ബ്രോമേറ്റിന് പുറമെ പൊട്ടാസ്യം അയോഡേറ്റും നിരോധിക്കണമെന്ന് ആവശ്യമുണ്ടായിരുന്നു. ഇത് പിന്നീട് പ്രത്യേക ശാസ്ത്ര സംഘം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments