പയ്യന്നൂര്‍ : കള്ളനോട്ടുമായി വെള്ളൂര്‍ ഏച്ചിലാവയലിലെ കെ.ബിജുവിനെ (34) പയ്യന്നൂര്‍ പോലീസ് പിടികൂടി. ബഹ്‌റിനില്‍ ജോലി ചെയ്തു വരുന്ന യുവാവ് ഒന്നര ആഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പയ്യന്നൂരിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ രണ്ട് ദിവസം മുമ്പ് 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചിരുന്നു.ബാങ്കില്‍ പണമടക്കാന്‍ ചെന്നപ്പോഴായിരുന്നു കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എല്ലാ നോട്ടുകളും ജീവനക്കാര്‍ വിശദമായി പരിശോധിച്ചു.
ഇതിനിടയിലാണ് ഇന്നലെ വൈകിട്ടോടെ വീണ്ടും 500 രൂപയുടെ മൂന്ന് നോട്ടുകളുമായി ഒരാള്‍ മദ്യം വാങ്ങാനെത്തിയത്. ജീവനക്കാര്‍ ഇയാളെ തടഞ്ഞ് വെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.ചോദ്യം ചെയ്തപ്പോള്‍ കള്ളനോട്ട് എത്തിയ സംഭവത്തെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് ബിജുവിന്റെ ഏച്ചിലാവയലിലെ വീട്ടില്‍ എസ്.ഐ പി.കെ ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ 43 കള്ളനോട്ടുകള്‍ കണ്ടെത്തി. ബിജുവിനെതിരെ പോലീസ് കേസെടുത്തു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Post Your Comments