KeralaNews

കേരളീയര്‍ മാതൃഭാഷ നന്നായി പഠിക്കേണ്ടതിനെ പറ്റി ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: മറ്റെല്ലാ ഭാഷാ പഠനങ്ങള്‍ക്കുമൊപ്പം കേരളീയര്‍ മാതൃഭാഷ നന്നായി പഠിക്കുന്ന ശീലം ഉണ്ടാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കനകക്കുന്നില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കണം. അതിലൂടെ മാത്രമേ വായനയുടെ സംസ്കാരം പ്രചരിക്കൂ. താന്‍ ദിവസവും നാല് ഇംഗ്ളീഷ് പത്രങ്ങള്‍ വായിക്കുകയും രണ്ട് മണിക്കൂര്‍ മലയാളം വാര്‍ത്താ ചാനലുകള്‍ കാണുകയും ചെയ്യാറുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മലയാളം വാര്‍ത്താ ചാനല്‍ കാണുന്നത് തിരുവനന്തപുരത്ത് എന്തൊക്കെ സംഭവിച്ചു എന്നറിയാനാണ്. അതിലൂടെ മലയാളം പറയാന്‍ പഠിക്കാനും ശ്രമിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

പത്തുവര്‍ഷം മുമ്പ് സുപ്രീം കോടതിയില്‍ ജഡ്ജിയായി ചുമതലയേല്‍ക്കുമ്പോള്‍ ആദ്യത്തെ മുംബൈ ബോംബു സ്ഫോടനക്കേസില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് കപാഡിയ നിര്‍ദ്ദേശിച്ചു. കേസിന്റെ മുഴുവന്‍ റെക്കോഡ്സും പഠിക്കാനായി തന്റെ വാസസ്ഥലത്ത് എത്തിക്കാനായി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. 24000 പേജുള്ള ജഡ്ജ്മെന്റുകളും 21000 ഡോക്യുമെന്റുകളും അടക്കമുള്ള രേഖകള്‍ ലോറി വിളിച്ച്‌ എത്തിക്കേണ്ടിവരും എന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. ഒരു കേസിനെക്കുറിച്ച്‌ പഠിക്കാന്‍ ഇത്രയും വലിയ വ്യവഹാരങ്ങള്‍ പരിശോധിക്കാനുള്ള സമയം ലഭിക്കില്ല. ആ സമയത്താണ് ഇപ്പോള്‍ ഇലക്‌ട്രോണിക് റഫറന്‍സ് സഹായിക്കുന്നത്. ഐപാഡില്‍ എട്ടോപത്തോ മിനിറ്റ് സെര്‍ച്ച്‌ ചെയ്താല്‍ കേസ് ഹിസ്റ്ററി ബ്രീഫായി കിട്ടും. വേണമെങ്കില്‍ വിശദമായും അറിയാന്‍ അതില്‍ത്തന്നെ മാര്‍ഗമുണ്ട്. വായനയുടെയും അറിവുതേടലിന്റെയും ചക്രവാളങ്ങള്‍ ഒരേസമയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ലക്ഷണമാണത്. ആധുനിക കേരളസംസ്കാരം വായനയിലൂടെയും സാഹിത്യത്തിലൂടെയും സൃഷ്ടിക്കപ്പെട്ടതാണ്. അതില്‍ പി. എന്‍. പണിക്കര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പുസ്തകവായന ഇനിയും മുന്നോട്ടുതന്നെ പോകണം. വാട്ട്സ് ആപ്പും ഓണ്‍ലൈനും മാത്രം പോര. പുസ്തക വായന അത്യാവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.വായന നിഷ്കളങ്കവും ഋജുവും ആയിരിക്കണമെന്നത് പഴയ ആശയമാണെന്നും ശരിയായ വായനയ്ക്ക് ദിശാബോധമാണ് ആവശ്യമെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എം. എല്‍. എ മാരായ കെ. മുരളീധരന്‍, ഒ. രാജഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി എം. വിജയകുമാര്‍, പാലോട് രവി എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് പ്രതിജ്ഞചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികളായ ആഭ, വേദനാരായണന്‍ എന്നിവര്‍ വായനാനുഭവങ്ങള്‍പങ്കുവച്ചു. സെലിന്‍. എം, ഡോ. രജത്, മാസ്റ്റര്‍ അജിത്ത് എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. എന്‍. ബാലഗോപാല്‍ സ്വാഗതവും ക്യാപ്റ്റന്‍ രാജു നായര്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button