വിന്ധ്ഹോക്ക്: സമാധാനപരമായ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യക്കു നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്‍കിയ വിരുന്നിലാണു പ്രസിഡന്റ് ഹെയ്ജ് ഹീന്‍ഗോബ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആണവസാങ്കേതികവിദ്യ ചില രാജ്യങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നതു ശരിയല്ലെന്നും ഇക്കാര്യത്തില്‍ വിവേചനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കമ്പനികളെ നമീബിയയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച നമീബിയന്‍ പ്രസിഡന്റ്, ഇന്ത്യയുടെ രാജ്യാന്തര സൗരോര്‍ജ കൂട്ടായ്മ സംരംഭത്തെയും അഭിനന്ദിച്ചു. നമീബിയയുടെ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങളില്‍ ഇന്ത്യ എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്നു നമീബിയയുടെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസംഗിക്കവേ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഘാന, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷമാണു രാഷ്ട്രപതി നമീബിയയിലെത്തിയത്.
Post Your Comments