താനെ : ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു വലിച്ചെറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മുംബൈ-ഗൊരക്പുര്‍ എക്‌സ്പ്രസ് ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. രേഖാ നേവല്‍ (22) എന്ന യുവതിയാണ് പരിക്കുകളോടെ രക്ഷപെട്ടത്.
അവസാന വര്‍ഷ ഐ.ടി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ രേഖയും അമ്മ സരിതയും വ്യാഴാഴ്ച ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ നാസികില്‍ നിന്നും താനെയിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയില്‍ ദിനേഷ് യാദവ് എന്നയാള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്ത്രീകള്‍ക്കായുള്ള കമ്ബാര്‍ട്ടുമെന്റിലേക്ക് അയാളുടെ ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ച് കടന്നുവന്നു.
കമ്പാര്‍ട്ടുമെന്റിലേക്ക് കടന്ന ദിനേഷ് വാതിലിനടുത്തിരുന്ന രേഖയുടെയും സരിതയുടെയും ഇടയില്‍പ്പെട്ടതിനെചൊല്ലി വഴക്കായി.രേഖ ഇക്കാര്യം റെയില്‍വേ പോലീസിനെ അറിയിച്ചു. പോലീസെത്തി ഇയാളെ കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറക്കിവിട്ടു. എന്നാല്‍ ട്രെയിന്‍ വിട്ടപ്പോള്‍ ഇയാള്‍ വീണ്ടും അതേ കമ്പാര്‍ട്ടുമെന്റിലേക്ക് ചാടിക്കയറി. നേരത്തേയുണ്ടായ വഴക്കും ഇറക്കിവിടലും കസാര, ഇഗത്പുരി സ്‌റ്റേഷനുകളില്‍ വെച്ച് വീണ്ടും ആവര്‍ത്തിച്ചു. താനെ സ്‌റ്റേഷനില്‍ ഇറങ്ങാനായി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന രേഖയും സരിതയുമായി ദിനേഷ് വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് ദിനേഷ് രേഖയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.
രേഖ പുറത്തേക്ക് തെറിച്ചു വീണപ്പോള്‍ സരിത വാതിലില്‍ ഇടിച്ച് ട്രെയിനില്‍ തന്നെയാണ് വീണത്. റെയില്‍വെ ജീവനക്കാര്‍ രേഖയെ പരുക്കുകളോടെ ട്രാക്കില്‍ കണ്ടെത്തുകയും ഉടനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കല്യാണിലെ ഫോര്‍ട്ടിസ് ആശുപത്രിയിലുള്ള രേഖ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തലയ്ക്കുള്ള പരിക്കുകള്‍ ഗുരുതരമല്ലെന്നും ഐ.സി.യുവില്‍ ആയിരുന്ന രേഖയെ വാര്‍ഡിലേക്ക് മാറ്റിയതായും അവര്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ദിനേഷ് യാദവ് എന്ന ആളെ റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments