നമ്മുടെ മനസ്സിലെ പോലീസ് സങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിമറിച്ച ഒരു സിമിനാവിഷ്കാരം ആയിരുന്നു എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഈയിടെ പുറത്തിറങ്ങിയ ‘ആക്ഷന്‍ ഹീറോ ബിജു’. വര്‍ഷങ്ങളായുള്ള ശരാശരി മലയാളി പോലീസ് സങ്കല്‍പ്പം സിനിമകളെ അധികരിച്ചുള്ളവയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരം ആവില്ല. നല്ല പോലീസ് ആകണമെങ്കില്‍ അയാള്‍ ഒരുപറ്റം ഗുണ്ടകളെ ഒറ്റയ്ക്ക് ഇടിച്ചുവീഴിച്ച് വിലങ്ങുവച്ച് കൊണ്ടുപോകുന്നവനാകണം, മേലുദ്യോഗസ്ഥരെ ഒട്ടും കൂസാതെ, അവര്‍ ‘അഗ്ഗ്രസീവ്’ ആകുമ്പോള്‍ തിരിച്ച് അതിലും കൂടുതല്‍ ‘അഗ്രസീവ്’ ആയി രണ്ട് ചീത്തയൊക്കെ പറയാന്‍ കെല്‍പ്പുള്ളവനാകണം, എല്ലാറ്റിനുമുപരി നന്മയുടെ നിറകുടമാകണം എന്ന ശരാശരി മലയാളി സങ്കല്‍പ്പങ്ങളാണ് സിനിമയിലെ പോലീസ് കഥാപാത്രങ്ങളിലൂടെ നമുക്ക് കിട്ടിക്കൊണ്ടിരുന്നത്. ഇനി പോലീസ് കഥാപാത്രം വില്ലന്‍ ആണെങ്കില്‍ പറയുകയും വേണ്ട. അയാള്‍ ലോകത്തുള്ള എല്ലാത്തരം തെമ്മാടിത്തരങ്ങളുടേയും, തിന്മയുടേയും ഒരു മൊത്തക്കച്ചവടക്കാരനും ആകണം. ഈ രണ്ട് സങ്കല്‍പ്പങ്ങളേയും ‘ആക്ഷന്‍ ഹീറോ ബിജു’ മാറ്റിമറിച്ചു.
ഒരു ശരാശരി കേരളാ പോലീസ് ഉദ്യോഗസ്ഥന്‍ ജോലിചെയ്യുന്ന അന്തരീക്ഷം അല്‍പ്പംമാത്രം ഹീറോയിസത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ സിനിമയില്‍. ആ ഹീറോയിസം എടുത്തുമാറ്റിയാല്‍ ഒരു യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതമായി. അവന് ദിവസവും വിവിധതരക്കാരായ അനേകം ആളുകളുടെ പരാതികള്‍ കേള്‍ക്കാനും, അവയ്ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും ഉണ്ടാകും, ചെറിയ അതിര്‍ത്തിതര്‍ക്കം മുതല്‍ വിവാദമായ കൊലപാതകക്കേസുകളില്‍ വരെ ഇടപെട്ട് അന്വേഷണം നടത്തേണ്ടതായിട്ട് വരും, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് പുറമേ രാഷ്ട്രീയക്കാരുടേയും, മറ്റ് ഉന്നതരുടേയും സമ്മര്‍ദ്ദവും നേരിടേണ്ടതായിട്ട് വരും, സ്വജീവന്‍ തൃണവത്ഗണിച്ച് കൊണ്ട് ക്രമസമാധാന നിയന്ത്രണത്തിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടേണ്ടതായിട്ട് വരും. ഇങ്ങനെയുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു ചുറ്റുപാടില്‍ നിന്ന്‍ കൊണ്ട് തന്നെയാണ് ഓരോ പോലീസ് ഉദ്യോഗസ്ഥനും തന്‍റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടുന്നത്. കൈക്കൂലിക്കാരും, തന്നില്‍ നിക്ഷിപ്തമായ അധികാരം സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവരും, മുതലാളിമാരുടേയും രാഷ്ട്രീയക്കാരുടേയും പാദസേവ ചെയ്യുന്നവരും ഒക്കെക്കാണും ഈ കൂട്ടത്തില്‍. പക്ഷേ, ഇതിലൊന്നും പെടാത്ത ബഹുഭൂരിപക്ഷം വരുന്ന പോലീസ് സേനാംഗങ്ങള്‍ ഉള്ളതുകൊണ്ടാണ് നമ്മള്‍ സുരക്ഷിതത്വബോധത്തോടെ സ്വൈര്യജീവിതം നയിക്കുന്നത്.
ഏതൊരു കാര്യത്തിനും അനുകൂല-വിപരീത പക്ഷങ്ങള്‍ ഉണ്ടാകുന്നതുപോലെ ഈക്കാര്യത്തിലും അതുണ്ടെന്ന് സമ്മതിച്ചുകൊണ്ട്തന്നെ പറയട്ടെ, നമ്മുടെ പോലീസ് സേന അഭിനന്ദനവും അര്‍ഹിക്കുന്നു. കേരളത്തിന്‍റെ മനസ്സാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചു കളഞ്ഞ സംഭവമാണ് ജിഷ കൊലക്കേസ്. കൊലപാതകിയിലേക്കെത്താന്‍ പോലീസ് രണ്ട് മാസത്തോളം സമയം എടുക്കുകയും ചെയ്തു. പല ഘട്ടങ്ങളിലും അന്വേഷണത്തിന്‍റെ വഴികള്‍ പൊതുജനങ്ങളില്‍ സംശയങ്ങള്‍ ജനിപ്പിച്ചു. വഴിതെറ്റിക്കുന്ന രീതിയിലുള്ള പല വാര്‍ത്തകളും വന്നുംപോയുമിരുന്നു. പോലീസ് തന്നെ പലപ്പോഴും ഇരുട്ടില്‍ തപ്പുന്നതു പോലെയും, നിഴലുകളെ പിന്തുടരുന്നതു പോലെയും നമുക്കനുഭവപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാം എന്ന സംശയം ശക്തവുമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പരന്നുകൊണ്ടിരുന്ന ഊഹാപോഹങ്ങള്‍ പോലീസില്‍ ചെലുത്തിയ സമ്മര്‍ദ്ദവും ശക്തമായിരുന്നു. പല സംഘങ്ങളായിപ്പിരിഞ്ഞ്, ശാസ്ത്രീയമായ തെളിവുകളെ മാത്രം പിന്തുര്‍ന്ന്, അന്വേഷണത്തിന്‍റെ രഹസ്യാത്മക സ്വഭാവം ഒരളവുവരെ കാത്തുസൂക്ഷിച്ചാണ് പോലീസ് ഒടുവില്‍ കുറ്റവാളിയിലേക്കെത്തിയത്. ഇത്രയധികം വിവാദമായ ഒരു കേസ് ആയിരുന്നിട്ടുകൂടി കൊലപാതകിയെ പിടികൂടിയപ്പോള്‍ത്തന്നെ അത് പരസ്യപ്പെടുത്തി, പ്രതിയെ ക്യാമറകള്‍ക്ക് മുന്നില്‍ നിര്‍ത്തി കയ്യടി വാങ്ങാന്‍ ശ്രമിക്കാതെ ഡിഎന്‍എ ടെസ്റ്റ് പോലുള്ള പിഴവുറ്റ സങ്കേതങ്ങളിലൂടെ പ്രതിയുടെ പങ്ക് നിസ്സംശയം തെളിയിക്കാനുള്ള ഉത്തരവാദിത്തബോധമാണ് ഇത്തവണ കേരളാപോലീസ് കാഴ്ചവച്ചത്. ഇത്രയധികം മീഡിയാ അറ്റ്ന്‍ഷന്‍ ഉണ്ടായിട്ടും പ്രതിയുടെ മുഖംമറച്ച് തന്നെയാണ് ഇപ്പോള്‍ അനന്തരനടപടികളും പോലീസ് നിര്‍വ്വഹിക്കുന്നത്. ഇത് തങ്ങളുടെ കയ്യിലുള്ള ഭാരിച്ച ഉത്തരവാദിത്തത്തിന്‍റെ ബോധ്യം പോലീസ് സേനയ്ക്കുണ്ടെന്നതിന്‍റെ ദൃഷ്ടാന്തമാണ്.
പ്രതിയെ പിടിച്ചത് കൊണ്ടുമാത്രം ജിഷാ കൊലക്കേസ് അവസാനിക്കുന്നില്ല. ഈ അരുംകൊല നടത്തിയ അമിയുര്‍ ഇസ്ലാമിന് തക്കതായ ശിക്ഷ നല്‍കുകയും അത് സമൂഹത്തിനൊരു മാതൃകയാവുകയും വേണം. അതിനുള്ള നടപടികളും മുന്‍പോട്ടു കൊണ്ടുപോകാന്‍ കേരളാ പോലീസിന് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങളും അറിയിക്കുന്നു.
Post Your Comments