മുംബൈ: ഒര്‍ലാന്‍ഡോ മോഡല്‍ ആക്രമണങ്ങള്‍ക്ക് ഇന്ത്യയിലും സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈനിലെ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഒറ്റയാന്‍ പോരാളികളാകും ആക്രമണം നടത്തുക. ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇവരെ തിരിച്ചറിയുന്നത് പ്രയാസമാണെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഓണ്‍ലൈനില്‍ ജിഹാദികളുടെ സംഘടിതമായ ആശയപ്രചാരണത്തില്‍ ആകൃഷ്ടരായി ഒര്‍ലാന്‍ഡോ മോഡല്‍ ഒറ്റയാന്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ഉയര്‍ന്നതാണ്. അത്തരം ആക്രമണങ്ങള്‍ കണ്ടെത്തി തടയുക വളരെ പ്രയാസമാണ്. ഒരു വ്യക്തി ആയുധമെടുത്ത് ആളുകളെ കൊല്ലാന്‍ തീരുമാനിച്ചാല്‍, മറ്റുള്ളവരുടെ സഹായമില്ലാതെ സ്‌ഫോടകവസ്തുക്കള്‍ എവിടെയെങ്കിലും ഘടിപ്പിച്ച് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാല്‍, അത് കണ്ടുപിടിക്കാനുള്ള സാധ്യത കുറവാണെന്ന് പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
17നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ജിഹാദികളുടെ ഡിജിറ്റല്‍ വലയില്‍ വീഴുന്നത്. ഇന്ത്യയില്‍ മദ്ധ്യവര്‍ഗത്തില്‍പ്പെട്ട വിദ്യാഭ്യാസമുള്ള യുവാക്കളാണ് ഭീകരസംഘടനയായ ഐ.എസിന്റെ ലക്ഷ്യം. സൈബര്‍ ജിഹാദിനെ നേരിടാനും സൈബര്‍ സ്‌പേസ് നിയന്ത്രിക്കാനും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന സിറ്റുവേഷന്‍ റൂം കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കി.
Post Your Comments