തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ് ഒറ്റയടിക്ക് ഇരട്ടിയാക്കി. 2016 ജൂണ്‍ 9 ന് പുറത്തിറങ്ങിയ ഉത്തരവില്‍ 100 കോടിയില്‍ താഴെ ടേണ്‍ഓവര്‍ ഉള്ള സ്ഥാപനങ്ങളിലെല്ലാം ഓരോ ബോര്‍ഡ് മീറ്റിംഗിനുമുള്ള സിറ്റിംഗ് ഫീസ് 600 രൂപ ആക്കി കൂട്ടി. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ധനകാര്യവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) ഡോ കെഎം എബ്രഹാമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇരട്ടിയിലധികം വര്‍ദ്ധന സിറ്റിംഗ് ഫീസായി സ്ഥാപനങ്ങള്‍ ഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടി വരും. ബോര്‍ഡ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന ടി.എ., ഡി.എ. അലവന്‍സുകള്‍ക്ക് പുറമേയാണിത്.
100 കോടിയിലധികം ടേണ്‍ ഓവര്‍ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിറ്റിംഗ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ ഫീസ് ഒടുക്കുന്നതില്‍ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.
ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ മെയ് നാലിന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ മുന്‍ ഉത്തരവായ G.O.(P) No. 325/2009/Fin dated 06.08.2009 പ്രകാരം അഞ്ചുകോടിക്കു മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് 400 രൂപയും, ഒരുകോടി മുതല്‍ അഞ്ചു കോടിവരെ വരുമാനമുള്ളവയ്ക്ക് 300ഉം, ഒരുകോടിയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 250 രൂപയുമായി സിറ്റിംഗ് ഫീസ് പുതുക്കി നിശ്ചയിച്ചിരുന്നു.
Post Your Comments