ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനായി പുതിയ തീരുമാനവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. ‘ജെന്‍ഡര്‍ ചാമ്പ്യന്‍ ആശയം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഓരോ ജെന്‍ഡര്‍ ചാമ്പ്യനെ കണ്ടെത്തും.
പെണ്‍കുട്ടികളോട് മാന്യമായും ബഹുമാനത്തോടും പെരുമാറുന്നവരേയാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ തിഞ്ഞെടുക്കുന്ന ആളായിരിക്കും വിദ്യാലയങ്ങളില്‍ ലിംഗനീതി സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിക്കുക. 16 വയസിന് മുകളിലുളളവരായിരിക്കണം ‘ജെന്‍ഡര്‍ ചാമ്പ്യ’നായി തെരഞ്ഞെടുക്കേണ്ടത്. ഇത് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകാം.
ലിംഗഅസമത്വം ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് വിദ്യാലയ മേധാവിയാണ് ‘ജെന്‍ഡര്‍ ചാമ്പ്യ’നെ തെരഞ്ഞെടുക്കുക. എല്ലാവര്‍ഷവും ഇത്തരത്തില്‍ ‘ജെന്‍ഡര്‍ ചാമ്പ്യ’നെ തെരഞ്ഞെടുക്കണം. ഇതിനായി പ്രത്യേക അപേക്ഷ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച് നല്‍കണം. അപേക്ഷ പരിശോധിച്ച് തീരുമാനമെടുക്കുന്നത് സ്‌ക്രീനിങ് കമ്മറ്റിയാകും.
കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാലയ മേധാവി ‘ജെന്‍ഡര്‍ ചാമ്പ്യ’നെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന ആളിന് പ്രത്യേക ബാഡ്ജുണ്ടാകണം. അധ്യയന വര്‍ഷത്തെ ജെന്‍ഡര്‍ ചാമ്പ്യന്റെ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിലെ അധ്യാപകരില്‍ ഒരാളുടെ നിരീക്ഷണത്തിന്‍കീഴിലാകും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തപ്പെടുന്ന തരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലിംഗ സമത്വം നിലനിര്‍ത്താനാണ് ഇതിലൂടെ വനിതാ ശിശുക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിക്കായി വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രത്യേകം പരിശീലന പരിപാടിയും ഒരുക്കുന്നുണ്ട്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ പോകുന്ന പരിപാടിയില്‍ രാജ്യത്തെ കോളേജുകള്‍ കൂടി ഉള്‍പ്പെടുത്തും.
Post Your Comments