തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനെതിരെ മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയ അഞ്ജു എട്ടുകാലി മമ്മൂഞ്ഞ് ചമയരുതെന്നും കൗണ്‍സിലിലെ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്നും പത്മിനി തോമസ് ആവശ്യപ്പെട്ടു. ആറുമാസത്തിനുള്ളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നടപ്പാക്കിയ പദ്ധതികളെന്ന പേരില്‍ അഞ്ജു കായികമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയവയെല്ലാം മുന്‍ ഭരണസമിതിയുടേതാണ്. ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യം വെച്ച് വിദേശപരിശീലകന്‍റെ സേവനം ലഭ്യമാക്കിക്കൊണ്ടുള്ള എലൈറ്റ് സ്കീം പദ്ധതി കഴിഞ്ഞ ഭരണസമിതി തുടങ്ങിയതാണ്. കാര്യവട്ടം എല്‍.എന്‍.സി.പിയില്‍ ഒരു വര്‍ഷം മുമ്പേ തുടങ്ങിയ പദ്ധതിയില്‍ ആദ്യം അത്ലറ്റിക്സ് മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ പിന്നീട് നീന്തല്‍, വോളിബാള്‍, ഫെന്‍സിങ് എന്നിവക്കും വിദേശ പരിശീലകരെ ഏര്‍പ്പെടുത്തി.
കായികതാരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കുന്ന അബ്ദുല്‍ കലാം സ്കോളര്‍ഷിപ്പ് പദ്ധതിയും ക്വാളിറ്റി ട്രെയിനിങ് കിറ്റുമെല്ലാം മുന്‍ ഭരണസമിതിയുടെ നേട്ടങ്ങളാണ്. ഗണേഷ്കുമാര്‍ കായികമന്ത്രിയായിരുന്ന കാലത്താണ് ഇവ ആരംഭിച്ചത്. ഭരണസമിതിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള പോസ്റ്റുകളില്‍ ഇത്തരം പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളും വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന അഞ്ജുവിന്‍റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. ലണ്ടന്‍ ഒളിമ്പിക്സ് കാണാന്‍ വകുപ്പ് മന്ത്രിയടങ്ങിയ സംഘം പോയത് കൈയടിക്കാനല്ല. അവയുടെ സംഘാടനം മനസ്സിലാക്കിയതുകൊണ്ടാണ് 35ാം ദേശീയ ഗെയിംസ് ഭംഗിയായി കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞതെന്നും പത്മിനി തോമസ് പറഞ്ഞു.
Post Your Comments