ശതാബ്ദി കോപ്പാ അമേരിക്ക
ദുരന്തമായി മാറിയ 2014-ലോകകപ്പ്, 2015 കോപ്പാ അമേരിക്ക എന്നിവയ്ക്ക് ശേഷം ബ്രസീല്‍ ഫുട്ബോളിന് വീണ്ടും തിരിച്ചടി. അമേരിക്കയില്‍ നടക്കുന്ന ശതാബ്ദി കോപ്പാ അമേരിക്കയുടെ രണ്ടാം റൗണ്ട് കാണാതെ ബ്രസീല്‍ പുറത്തായി. ഇന്ത്യന്‍ സമയം ഇന്ന്‍ പുലര്‍ച്ചെ നടന്ന ഗ്രൂപ്പ് ബി അവസാന റൗണ്ട് മത്സരത്തില്‍ പെറുവിനോട് തോറ്റാണ് ബ്രസീല്‍ നോക്കൌട്ട് കാണാതെ പുറത്തായത്. 75-ആം മിനിറ്റില്‍ റൗള്‍ റൂയിഡയസാണ് ബ്രസീലിന്‍റെ വിധി നിര്‍ണ്ണയിച്ച ഗോള്‍ നേടിയത്.
ആന്‍ഡി പോളോ ബ്രസീല്‍ പ്രതിരോധത്തെ പിച്ചിച്ചീന്തി നല്‍കിയ ക്രോസ്സ് പക്ഷേ കൈകൊണ്ടാണ് റൂയിഡയസ് ഗോളിലേക്ക് തിരിച്ചുവിട്ടത്. ബ്രസീല്‍ കളിക്കാരുടെ കടുത്ത പ്രതിഷേധങ്ങളെ മറികടന്ന് അഞ്ച് മിനിറ്റോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ റഫറി പെറുവിന് ഗോള്‍ അനുവദിക്കുകയായിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇതേച്ചൊല്ലി വന്‍വിവാദം പൊട്ടിപ്പുറപ്പെടും എന്ന് ഉറപ്പാണ്.
ഗ്രൂപ്പ് ബി-യിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ഹെയ്റ്റിയെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. ഇക്വഡോറിനായി എന്നര്‍ വാലന്‍സിയ, ജയ്‌മി അയോവി, ക്രിസ്റ്റ്യന്‍ നൊബോവ, ആന്‍റോണിയോ വാലന്‍സിയ എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് ബി-യില്‍ നിന്ന്‍ പെറു ഗ്രൂപ്പ് ചാമ്പ്യന്മാരായും ഇക്വഡോര്‍ രണ്ടാം സ്ഥാനക്കാരായും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. ബ്രസീല്‍, ഹെയ്റ്റി എന്നിവര്‍ പുറത്തായി.
യൂറോകപ്പ്
യൂറോകപ്പ് ഗ്രൂപ്പ് ഡി-യില്‍ ഇന്നലെ വൈകിട്ട് നടന്ന മത്സരത്തില്‍ ക്രോയേഷ്യ തുര്‍ക്കിയെ 1-0 എന്ന സ്കോറിന് തോല്‍പ്പിച്ചു. കളിയുടെ 41-ആം മിനിറ്റില്‍ റയല്‍ മാഡ്രിഡിന്‍റെ മിന്നുംതാരം ലൂക്കാ മോഡ്രിച്ചാണ് മനോഹരമായ ഒരു വോളിയിലൂടെ ക്രോയേഷ്യയുടെ വിജയഗോള്‍ നേടിയത്.
ഗ്രൂപ്പ് സി-യിലെ ആദ്യമത്സരത്തില്‍ പോളണ്ട് വടക്കന്‍ ആയര്‍ലന്‍ഡിനെ 1-0 എന്ന നിലയില്‍ തോല്‍പ്പിച്ചു. യൂറോകപ്പിലെ തങ്ങളുടെ ആദ്യവിജയം നേടിയ പോളണ്ടിന് വേണ്ടി 51-ആം മിനിറ്റില്‍ അര്‍ക്കേഡിയസ് മിലിക്കാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പ് സി-യിലെ രണ്ടാം മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനി വിജയത്തോടെ തുടങ്ങി. ഉക്രൈനാണ് ജര്‍മ്മന്‍ പടയോട് തോല്‍വി വഴങ്ങിയത്. 19-ആം മിനിറ്റില്‍ ഷ്കോഡ്രാന്‍ മുസ്താഫിയും 90-ആം മിനിറ്റില്‍ സൂപ്പര്‍താരം ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറുമാണ് ജര്‍മ്മനിക്കു വേണ്ടി ഗോളുകള്‍ നേടിയത്.
Post Your Comments