ന്യൂഡല്‍ഹി: കടുത്ത സദാചാരവാദികളുടെ എതിര്‍പ്പിനെ അതിജീവിച്ച് കുട്ടികളില്‍ പ്രത്യുല്‍പ്പാദന പരവും ലൈംഗികപരവുമായ അറിവുകളും പ്രദാനം ചെയ്യുന്ന രീതിയില്‍ ഇന്ത്യയിലെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന്‍റെ രൂപരേഖ ആരോഗ്യമന്ത്രാലയം തയ്യാറാക്കി.
സ്കൂള്‍ കുട്ടികള്‍ക്ക് അനുയോജ്യമാകുന്ന രീതിയില്‍ അടിസ്ഥാനപരമായ ലൈംഗികാറിവുകളും പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കുകയാണ് ഉദ്ദേശം. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ദേശീയ എയ്ഡ്സ് ഗവേഷണ സ്ഥാപനം മന്ത്രാലയത്തിന്‍റെ ആരോഗ്യ ഗവേഷണ വിഭാഗം എന്നിവര്‍ ചേര്‍ന്നാണ് പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇവര്‍ രൂപരേഖ തയ്യാറാക്കി മാനവശേഷി മന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്നാണ് കരുതുന്നത്. ഗര്‍ഭഛിദ്ര കാര്യത്തിലും നിയമഭേദഗതികള്‍ ആലോചിക്കുന്നുണ്ട്. ഇനിമുതല്‍ ബുദ്ധിമാന്ദ്യം, വൈകല്യം എന്നിവയ്ക്ക് സാദ്ധ്യതയുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ 24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാം. നിലവില്‍ 20 ആഴ്ച പ്രായമുള്ള ഗര്‍ഭമലസിപ്പിക്കാനാണ് അനുമതിയുള്ളത്.
ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്താനുള്ള അനുമതി ആയുര്‍വേദ, ഹോമിയോ, യൂനാനി ഡോക്ടര്‍മാര്‍ക്കും അംഗീകാരമുള്ള ഓക്സിലറി നഴ്സുമാര്‍ക്കും നല്‍കിയേക്കും. അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമേ ഈ ശസ്ത്രക്രിയ ചെയ്യാവു. അല്ലാത്തിടത്ത് നടത്തിയാല്‍ ഏഴു വര്‍ഷം വരെ തടവ് ലഭിച്ചേക്കാനും സാധ്യത.
Post Your Comments