IndiaNews

സംസ്ഥാനത്തെ സി.പി.എം അക്രമം : രാജ്യത്തെ മുഴുവന്‍ ബി.ജെ.പിയും കേരളത്തോടൊപ്പമെന്ന് ബി.ജെ.പി ദേശീയനിര്‍വാഹക യോഗം

അലഹബാദ്: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ കേരളത്തിലെ സി.പി.എം അക്രമത്തിനു വിമര്‍ശം. അദ്ധ്യക്ഷന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ച വിഷയം രാഷ്ട്രീയ പ്രമേയത്തിലും മുഖ്യചര്‍ച്ചാ വിഷയമായി. പാര്‍ട്ടി ഒന്നടങ്കം കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടെന്ന് യോഗം നിലപാടു വ്യക്തമാക്കി.

സി.പി.എമ്മിന്റെ അതിക്രൂരമായ വേട്ടയാടലിന് വിധേയമായ കേരളത്തിലെ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാജ്യത്തെ മുഴുവന്‍ ബി.ജെ.പിയുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹകസമിതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

കേരളത്തിലെ അക്രമങ്ങളെ ദേശീയ നിര്‍വാഹക സമിതി നിശിതമായി വിമര്‍ശിച്ചു. ത്രിവേണി സംഗമഭൂമിയായ പ്രയാഗില്‍ ഇന്നലെയാണ് യോഗം ആരംഭിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി വലിയ നേട്ടമാണ് കരസ്ഥമാക്കിയതെന്ന് അമിത് ഷാ പറഞ്ഞു. പതിനഞ്ചു ശതമാനത്തോളം വോട്ട് സംസ്ഥാനത്ത് നേടാന്‍ ബി.ജെ.പിക്കായി. ഇതേത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി മൂന്നൂറിലേറെ അക്രമങ്ങളാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരേ നടന്നത്. ഇതനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ക്കൊപ്പം മുഴുവന്‍ രാജ്യവും നിലകൊള്ളുമെന്നും അമിത് ഷാ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയല്ല രാജ്യമെമ്പാടുമുള്ള ബി.ജെ.പിയുടെ വലിയ വളര്‍ച്ചയ്ക്ക് കാരണം. ബി.ജെ.പിയുടെ കാര്യകര്‍ത്താക്കളുടെ മികച്ച പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ സദ്ഭരണവുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വലിയ വിജയത്തിന് കാരണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പാര്‍ട്ടിയുടെ കടന്നുവരവിന് വഴിതുറന്ന ആസാം വിജയവും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ ഗുവാഹതി വരെയുമുള്ള പ്രദേശങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകളും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളാണ്.

രാജ്യത്തു നിന്നും അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചെന്ന് കേന്ദ്രസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനാധിപത്യ പ്രതിബദ്ധതയുടെ പുതിയ ഉയരങ്ങള്‍ നിര്‍മ്മിച്ച രണ്ടു വര്‍ഷമാണ് കടന്നുപോയത്. ശതകോടികളുടെ അഴിമതികള്‍ നിറഞ്ഞ പത്തുവര്‍ഷത്തെ യു.പി.എ ഭരണത്തില്‍ രാജ്യത്തുണ്ടായ നയരാഹിത്യം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.

ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള നേതൃത്വമാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രണ്ട് പ്രധാന മുസ്ലിംരാഷ്ട്രങ്ങളാണ് അവരുടെ പരമോന്നത ബഹുമതികള്‍ ഭാരത പ്രധാനമന്ത്രിക്ക് നല്‍കിയത്. സൗദി, ദുബായ്, അബുദാബി, ഖത്തര്‍, ഇറാന്‍, അഫ്ഗാന്‍ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളെ ഭീകരവാദത്തിനെതിരെ അണിനിരത്താന്‍ മോദിയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു.

പ്രധാനമന്ത്രി അവസാനം സന്ദര്‍ശനം നടത്തിയ അഞ്ചു രാജ്യങ്ങളില്‍ അമേരിക്ക, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്റ് എന്നീ മൂന്നു രാജ്യങ്ങളെ ഭാരതത്തിന്റെ എന്‍.എസ്.ജി അംഗത്വത്തിന് പിന്തുണ നല്‍കുന്നതിനുള്ള തീരുമാനം എടുപ്പിക്കാനും പ്രധാനമന്ത്രിക്ക് സാധിച്ചു.

സാമ്പത്തിക രംഗത്ത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി രാജ്യത്തിന്റെ വളര്‍ച്ച 7.6 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. 2015-16 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 7.9 ആയി ഉയര്‍ന്നുകഴിഞ്ഞു. ആഭ്യന്തര കടം 4.4ല്‍ നിന്നും 3.5 ശതമാനമായി കുറയ്ക്കാനായി. രാജ്യമെങ്ങുമുള്ള രണ്ടരലക്ഷം സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിച്ചു. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്‌കില്‍ ഇന്ത്യ, മുദ്ര, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ വലിയ നേട്ടങ്ങളായി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടി സര്‍ക്കാരുകള്‍ രൂപീകരിക്കും. യുപിയിലെ ക്രമസമാധാന തകര്‍ച്ചയും വികസനമില്ലായ്മയും തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരും. മഥുരയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവാഴ്ച ഇല്ലാതായതിന്റെ ഉദാഹരണങ്ങള്‍ ദൃശ്യമാണ്.

സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ 2019ല്‍ വീണ്ടും ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പരേഡ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രിയുടെ മഹാ റാലിയോടെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിടും.

കേരളത്തില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. ആര്‍. ഉമാകാന്തന്‍, കെ. സുഭാഷ് എന്നിവര്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button