സൗദി : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മലയാളികള്‍ മരിച്ചു. അല്‍ ഖോബാറില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. കൊല്ലം ചവറ സ്വദേശി മുസമ്മില്‍ സുബൈര്‍ കുട്ടി, കായംകുളം സ്വദേശി മുഹമ്മദ് നാദിര്‍ഷ കുഞ്ഞ് എന്നിവരാണ് മരിച്ചത്.
മദീനാ സന്ദര്‍ശനം കഴിഞ്ഞ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട സംഘം മക്കയില്‍ എത്തുന്നതിന് ഏകദേശം 250 കിലോമീറ്റര്‍ മുമ്പ് കുലൈസ് എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തില്‍ ഏഴ് മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ചുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ അജിന്‍ഷ, മുനീര്‍, അബ്ദുറഹ്മാന്‍, നിഷാദ്, നിജാം എന്നിവര്‍ക്കും ഒരു ഉത്തര്‍പ്രദേശ് സ്വദേശിക്കുമാണ് പരിക്കേറ്റത്. പുലര്‍ച്ച അഞ്ച് മണിയോടെ ഇവര്‍ സഞ്ചരിച്ച പ്രാഡോ വാഹനം മറിയുകയായിരുന്നു. ഡ്രൈവര്‍ഉറങ്ങിയതാണ് കാരണമെന്നാണു വിവരം. മൃതദേഹങ്ങള്‍ കുലൈസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇവിടെയാണ് ചികിത്സയിലുള്ളത്.
Post Your Comments