കോട്ടയം: കളങ്കിതരെന്ന് വരുത്തിത്തീര്‍ത്ത് പുറത്താക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിംകുട്ടി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളുടെ കരങ്ങള്‍ ശുദ്ധമാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും വൈസ് പ്രസിഡന്റ് ടി.കെ.ഇബ്രാഹിം കുട്ടി പറഞ്ഞു.
45 വര്‍ഷമായി കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍ രാഷ്ട്രീയം കളിച്ചിട്ടില്ല. കായികമേഖലയ്ക്കുവേണ്ടിയാണ് ഇതുവരെ നിലകൊണ്ടത്. കൗണ്‍സില്‍ അംഗങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. സര്‍ക്കാരിന് ഈ കൗണ്‍സിലിനെ ആവശ്യമില്ലെങ്കില്‍ മാന്യമായി പറയാം. രാജിക്ക് മടിയില്ല. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ അഞ്ജു ബോബി ജോര്‍ജ് സജീവമായിരുന്നു. അഞ്ജുവിന്റെ സഹോദരന്റെ നിയമനം ഈ കൗണ്‍സില്‍ വരുന്നതിന് മുമ്പേയുളള തീരുമാനമാണ്. അദേഹത്തിന്റെ ശമ്പളം നിശ്ചയിച്ചിട്ടില്ല. ഇതും പ്രസിഡന്റിന്റെ വിമാനയാത്രയും സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായേ നടക്കൂവെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.
പുതിയ കായികമന്ത്രിയെന്ന നിലയില്‍ ഇ.പി.ജയരാജനെ കാണാനും പ്രവര്‍ത്തനങ്ങള്‍ അറിയിക്കാനുമാണ് പോയത്. എന്നാല്‍ താനടക്കമുളളവര്‍ ചേര്‍ന്ന് കൗണ്‍സിലിനെയും പ്രസിഡന്റിനെയും മോശക്കാരാക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പെരുമാറ്റം ഏറെ വേദനയുണ്ടാക്കിയെന്നും അദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നാണ് കരുതുന്നതെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.
Post Your Comments