IndiaNews

ഔദ്യോഗിക വാഹനത്തില്‍ കാക്ക ഇരുന്നു; മുഖ്യന്‍ വാഹനം മാറ്റി

ബാംഗ്ലൂര്‍: ഔദ്യോഗിക വാഹനത്തില്‍ കാക്ക വന്നിരുന്നതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വാഹനം മാറ്റി. ആദ്യ വാഹനമായ ഫൊര്‍ച്യൂണറിന്‍റെ അതേ മോഡല്‍ വാഹനം തന്നെയാണ് രണ്ടാമതും വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ വെള്ള ഫോര്‍ച്യൂണറിന്‍റെ മുന്‍ഭാഗത്ത് കാക്ക വന്നിരുന്ന കാര്യം കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കാക്കയെ ഓടിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും കാക്ക മാറാന്‍ കൂട്ടാക്കിയില്ല. വാഹനം സ്ഥലം മാറ്റി പാര്‍ക്ക് ചെയ്തിട്ടും രക്ഷയുണ്ടായില്ല. സംഭവം അശുഭ ലക്ഷണമെന്ന് പലരും പറഞ്ഞു. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം പോകാനിരിക്കുന്നതിന്‍റെ ലക്ഷണങ്ങളാണ് കാക്ക സാന്നിദ്ധ്യമെന്നുവരെ പലരും പറഞ്ഞു.

സംസ്ഥാനത്ത് അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ട് വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് നിരസിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം വാഹനം മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. പഴയ ഫോര്‍ച്യൂണറിന് പകരം മറ്റൊരു ഫോര്‍ച്യൂണര്‍.

പഴയ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ച കാരണമാണ് പുതിയ വാഹനമെന്നാണ് മുഖ്യമന്ത്രി ഇതിന് നല്‍കിയ വിശദീകരണം. ജോത്സ്യന്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ വാഹനം മാറ്റിയതെന്നാണ് ചര്‍ച്ചകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button