India

വിമാനയാത്രികര്‍ക്ക് ആശ്വാസമായി കേന്ദ്രനടപടികള്‍

ന്യൂഡല്‍ഹി : വിമാനയാത്രികര്‍ക്ക് ആശ്വാസമായി കേന്ദ്രനടപടികള്‍. ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനുള്ള നിരക്കുകളില്‍ ഇളവ് നല്‍കുക, വിമാനത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടാല്‍ നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്തുക, വിമാന യാത്രക്കാരുടെ അധിക ബാഗേജിന് ഈടാക്കുന്ന നിരക്കില്‍ ഇളവ് നല്‍കുക തുടങ്ങിയതടക്കമുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി വ്യോമയാന ചട്ടം പരിഷ്‌കരിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

തങ്ങളുടെ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കപ്പടുന്നില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജു പറഞ്ഞു. ശുപാര്‍ശകളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് മുന്‍പ് ജനങ്ങളുടെ അഭിപ്രായം തേടും. ജനുവരി മുതല്‍ മാര്‍ച്ച് വരെ 18,512 വിമാനങ്ങളാണ് വൈകിയതെന്ന് പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ബഡ്ജറ്റ് കാരിയറായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാത്രം 5426 വിമാനങ്ങളാണ് വൈകിയത്. ജെറ്റ് – 5040, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ – 3111, സ്‌പൈസ് ജെറ്റ് – 2205 എന്നിങ്ങനെയാണ് മറ്റു കണക്ക്.

വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായാല്‍ നിയമപരമായ എല്ലാ നികുതികളും അടക്കം തുക തിരിച്ചു നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. ടിക്കറ്റ് റദ്ദാക്കലിനായി ഈടാക്കുന്ന നിരക്ക് അടിസ്ഥാന നിരക്കിനെക്കാള്‍ കൂടാന്‍ പാടില്ലെന്നും പണം തിരികെ ലഭിക്കുന്നതിന് അധിക ചാര്‍ജ്ജ് ഈടാക്കരുതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ 15 കിലോഗ്രാമിന് മുകളില്‍ 20 കിലോഗ്രാം വരെ ബാഗേജിന് 300 രൂപയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. ഇത് 100 രൂപയായി കുറയ്ക്കണം. എയര്‍ ഇന്ത്യ മാത്രമാണ് ബാഗേജിന്റെ ഭാരം 23 കിലോ വരെ അനുവദിച്ചിട്ടുള്ളത്.

അധിക ബുക്കിംഗിനെ തുടര്‍ന്ന് പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രം ശുപാര്‍ശ ചെയ്തു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റദ്ദാക്കുകയാണെങ്കില്‍ പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണം. ടിക്കറ്റ് നിരക്കുകള്‍ തിരിച്ചു നല്‍കുന്നതിനുള്ള സമയപരിധി ആഭ്യന്തര സര്‍വീസുകള്‍ക്ക് 15 പ്രവൃത്തി ദിവസവും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ദിവസവുമായി പുതുക്കി നിശ്ചയിച്ചു. വിദേശ സര്‍വീസുകള്‍ക്ക് അതാത് രാജ്യങ്ങളുടെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button