India

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ : പ്രതിരോധ മന്ത്രാലയം നിലപാട് വ്യക്തമാക്കി

ന്യൂഡല്‍ഹി : ഇന്ത്യന്‍ നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്താനുള്ള ഗൂഗിളിന്റെ ആവശ്യം നിരസിച്ച് പ്രതിരോധ മന്ത്രാലയം. സ്ട്രീറ്റ് വ്യൂവില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ ഗൂഗിള്‍ ഏറെ നാളായി അപേക്ഷ നല്‍കിയിരുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ ഇതിന്റെ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും വിശദമായ പഠനത്തിന് ശേഷമാണ് അപേക്ഷ നിരസിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന നഗരങ്ങള്‍, മലകള്‍, പുഴകള്‍ എന്നിവയെ എല്ലാം 360 ഡിഗ്രിയില്‍ മാപ്പില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു സ്ട്രീറ്റ് വ്യൂ പദ്ധതി. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ട്രീറ്റ് വ്യൂ പദ്ധതി നിരസിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ താജ്മഹല്‍,ചെങ്കോട്ട, കുത്തബ് മീനാര്‍, നളന്ദ സര്‍വകലാശാല, മൈസൂര്‍ കോട്ട,തഞ്ചാവൂര്‍ എന്നിവ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം പ്രാവര്‍ത്തികമാവുന്നതോടെ ഇത് സ്ട്രീറ്റ് വ്യൂവില്‍ ലഭ്യമാവില്ല.

2007ല്‍ യു.എസില്‍ തുടങ്ങിയ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അംഗീകരിക്കുന്നതോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഒരു രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളടക്കമുള്ളവയെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുമായിരുന്നു. ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് 2008ലെ മുംബൈ ഭീകരാക്രമണം ചൂണ്ടിക്കാട്ടി ഇന്ത്യ ഗൂഗിളിനെ അറിയിച്ചു. അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button