തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെ.എസ്.യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതി ബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളുമുള്ള ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും യോഗ്യത എന്നാല്‍ കറകളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായി. പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമായല്ല ഇതു പറയുന്നതെന്നും മറിച്ച് 34 വര്‍ഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ഷാനിമോള്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അറിയാതെ ഒന്നര വര്‍ഷത്തോളം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എ.ഐ.സി.സി സെക്രട്ടറിയായി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കള്‍ എന്റെ കുറവായാണ് കണ്ടത്. കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി എന്നെ തെറിപ്പിക്കുമായിരുന്നു.
കാസര്‍കോട് പാര്‍ലമെന്റ് സീറ്റ് വേണ്ടന്നുവച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും എന്നെ നോക്കികണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് ഞാന്‍ ഒറ്റപ്പാലത്ത് മത്സരിച്ചത്. 2006 ല്‍ പെരുമ്പാവൂരിലും 2016 ല്‍ ഒറ്റപ്പാലത്തും എന്നെ പ്രഖ്യാപിച്ചത് 140–ാമതാണ്, കാസര്‍കോട് 20–ാമതും. ഇതൊക്കെ ചില സത്യങ്ങള്‍ മാത്രമാണ്.
ആശ്രിത വാത്സല്യത്തിന്റെയും പാരമ്പര്യ സിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ലയെന്നു അഭിമാനത്തോടെ ഓര്‍മിക്കുന്നു. ഈ അനുഭവം എനിക്ക് മാത്രമല്ല നിരവധി ആളുകള്‍ക്കുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു.
Post Your Comments