മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറായെത്തിയവരില് ഇനിയുള്ളത് 100 പേര് മാത്രം. ചൊവ്വയില്‍ ആദ്യത്തെ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍സ് വണ്‍ പ്രൊജക്ട് ആരംഭിച്ചത്. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് ചൊവ്വാ യാത്രക്കായി പണം മുടക്കിയത്. ഇതിൽ നിന്നും കടുത്ത പരീക്ഷണങ്ങൾക്കൊടുവിൽ തിരഞ്ഞെടുക്കുന്ന 24 പേർക്കായിരിക്കും അവസരം.
ഈ പട്ടികയിൽ ഒരു മലയാളിയുമുണ്ട്. പാലക്കാട് സ്വദേശിയായ ഇരുപതുകാരി ശ്രദ്ധ പ്രസാദ്. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ തന്നെ പോയവർക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് മാർസ് വൺ കമ്പനി വ്യക്തമാക്കിയിരുന്നു. ചൊവ്വയിൽ പോകുന്ന 24 പേരും അവിടെ താമസിക്കേണ്ടി വരുമെന്നതാണു നിലവിലെ റിപ്പോർട്ട്. എന്നാൽ 2026 ആകുമ്പോഴേക്ക് സാങ്കേതിക ലോകത്ത് വലിയ മാറ്റങ്ങൾ വന്നാൽ തിരിച്ചെത്താനും കഴിഞ്ഞേക്കും. ഈ നിബന്ധനകളെല്ലാം മനസ്സിലാക്കി തന്നെയാണു ശ്രദ്ധ പ്രസാദ് തന്റെ പേര് നല്‍കിയത്.
ശ്രദ്ധയെ കൂടാതെ മറ്റ് 3 ഇന്ത്യക്കാരും പട്ടികയിലുണ്ട്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന വിവിധ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് അവസാനപട്ടിക പുറത്ത് വിടുക. ഇവര്‍ നീണ്ട ബഹിരാകാശ യാത്രക്ക് യോഗ്യരാണോ എന്നതാണ് പ്രധാനമായും പരീക്ഷിക്കുന്നത്.തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും പ്രധാനമായി പരീക്ഷിക്കപ്പെടും. ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമല്ലാത്തതിനാല് തന്നെ ജീവന് നിലനിര്‍ത്തുന്നതിനാവശ്യമായ അവശ്യവസ്തുക്കള്‍ കണ്ടെത്തുന്നതും ഇവയുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗവുമെല്ലാം പരീക്ഷണത്തിന്റെ ഭാഗമാകും. വെള്ളം കണ്ടെത്തുന്നതും ഓക്സിജന്‍ ഉപയോഗിക്കുന്നതും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നതുമെല്ലാം പരീക്ഷിക്കപ്പെടും.
Post Your Comments