ലൂയിവില്ലെ: ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലി സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എഴുതിവെച്ചിരുന്നതായി റിപ്പോര്‍ട്ട്. അലിയുടെ കുടുംബ വക്താവ് ബോബ് ഗുണ്ണലാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരു ദശാബ്ദം മുമ്പ് തന്നെ അലി ഇക്കാര്യം ആരംഭിച്ചിരുന്നു. ഇതു ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നു, ഇത്തരത്തിലൊരു ചടങ്ങാണ് ഞാനിഷ്ടപ്പെടുന്നത്. ധാരാളം ജനങ്ങളുടെ ബഹുമാനവും ആശീര്‍വാദവും എനിക്ക് ലഭിക്കാനായി അവസരമൊരുക്കണം’ അലിയുടെ വാക്കുകളാണിവ. ഇസ്ലാമിക ആചാരമനുസരിച്ച് സംസ്‌കാരം നടത്തണമെന്ന് അലി ആവശ്യപ്പെട്ടിരുന്നു, അതേസമയം സര്‍വമതങ്ങളുടെ പ്രാര്‍ത്ഥനയും ചടങ്ങില്‍ വേണം. ലൂയിസ് വില്ല, കെന്റക്കി നഗരങ്ങളില്‍ തനിക്കായി സ്മാരകങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ചും അലി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചത്തെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച് പൂര്‍ണമായ കാര്യങ്ങള്‍ സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, നടനും ഹാസ്യതാരവുമായ ബില്ലി ക്രിസ്റ്റല്‍, പത്രപ്രവര്‍ത്തകന്‍ ബ്രയന്റ് ഡേവിഡ് ഗുംബെലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
വിലാപയാത്രയായി മുഹമ്മദ് അലിയുടെ മൃതദേഹം കെന്റക്കിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഇടംവലം ചേര്‍ന്ന് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്‍ ലീനക്‌സ് ലൂയിസും നടന്‍ വില്‍ സ്മിത്തുമുണ്ടാകും. 2001ല്‍ പുറത്തിറങ്ങിയ ‘അലി’ എന്ന സിനിമയില്‍ മുഹമ്മദ് അലിയുടെ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് വില്‍ സ്മിത്ത് ആയിരുന്നു. 1999 ലാണ് ലൂയിസ് ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞത്. ഇതിന് പിന്നാലെ ലൂയിസിനെ 1999 ലെ ഏറ്റവും മികച്ച കായിക താരമായി ബി.ബി.സി തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷം തന്നെയാണ് അലിയെ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുത്തത്.
Post Your Comments