NewsInternational

നയതന്ത്ര പ്രാധാന്യമുള്ള സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയില്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ തലസ്ഥാനം വാഷിംഗ്‌ടണ്‍ ഡി.സിയിലെത്തി. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസിനേയും അഭിസംബോധന ചെയ്യും. അമേരിക്കയിലെ പ്രമുഖരായ നിക്ഷേപകരുമായും പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

അമേരിക്കയിലെ സുപ്രധാനമായ ഭരണമാറ്റത്തിന് ഏതാനും നാളുകള്‍ മാത്രം ശേഷിക്കവേ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഉഭയകക്ഷി ബന്ധത്തിലൂടെ ഉരുത്തിരിഞ്ഞ ഊഷ്മളതായെ അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വാഷിംഗ്‌ടണിലെ ജോയിന്‍റ് ബെയ്സ് ആന്‍ഡ്രൂവിലെത്തിയ മോദിയെ സ്വീകരിക്കാന്‍ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ്മ, അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്‍ഡ്‌ സെന്‍ട്രല്‍ ഏഷ്യ നിഷ ബിസ്വാള്‍ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി.

അമേരിക്കന്‍ സന്ദര്‍ശനത്തിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യപരിപാടി യുദ്ധത്തില്‍ വീരമൃത്യു വരിച്ച അമേരിക്കന്‍ സൈനികരെ അടക്കം ചെയ്തിരിക്കുന്ന ദേശീയ ശ്മശാനമായ ആര്‍ലിങ്ങ്ടണ്‍ സെമിത്തേരിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുക എന്നതായിരുന്നു.

തുടര്‍ന്ന്‍ അമേരിക്കന്‍ ബിസിനസ്സ് കമ്മ്യൂണിറ്റിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മോദി ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ആഹ്വാനവും നടത്തും. അതേത്തുടര്‍ന്ന്‍ അമേരിക്കയിലുള്ള ഇന്ത്യന്‍ പുരാവസ്തുക്കള്‍ സ്വദേശത്തേക്ക് മടക്കിനല്‍കുന്ന ഒരു ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

യു.എസ്.-ഇന്ത്യ ബിസിനസ്സ് കൌണ്‍സിലിന്‍റെ 40-താമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലും ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കും.

അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാലുടന്‍ തന്‍റെ വിദേശസന്ദര്‍ശനത്തിന്‍റെ അവസാനപാദത്തിന് നരേന്ദ്രമോദി മെക്സിക്കോയിലേക്ക് പോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button