ത്രിപുര: ത്രിപുര അഗര്‍ത്തലയിലെ ബിഷല്‍ഗ്രാഫ് ഗ്രാമത്തിലെ 38 കാരിയായ വീട്ടമ്മയാണ് പത്താം ക്ലാസിന് തുല്യമായ ത്രിപുര സര്‍ക്കാരിന്റെ മധ്യമിക് പരീക്ഷ മകള്‍ സാഗരികയ്‌ക്കൊപ്പം എഴുതി പാസായത്. അമ്മ മകളേക്കാള്‍ മാര്‍ക്ക് നേടുകയും ചെയ്തു. 255 മാര്‍ക്കാണ് സ്മൃതി ഭാനിക്ക് മധ്യമിക് പരീക്ഷയില്‍ നേടിയത്. മകള്‍ക്ക് 238 മാര്‍ക്ക് ലഭിക്കുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ അച്ഛനെ നഷ്ടപ്പെട്ട സ്മൃതിക്ക് പട്ടിണിയും സാമ്പത്തിക ബുദ്ധിമുട്ടും കൊണ്ടായിരുന്നു വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നത്.
സ്മൃതിയടക്കം മുന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞു പോന്നിരുന്നത് അമ്മ അയലത്തെ വീടുകളില്‍ ജോലിക്ക് പോയിട്ടായിരുന്നു. ഇതിനിടയ്ക്ക് പഠനം കൂടി പൂര്‍ത്തിയാക്കുക എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയും ചെയ്തു. പക്ഷെ കല്ല്യാണം കഴിഞ്ഞിട്ടും വിദ്യാഭ്യാസം നേടിയെടുക്കണം എന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് മധ്യമിക് പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും സ്മൃതി പറയുന്നു. തന്റെ ആഗ്രഹത്തിന് മകളടക്കമുള്ളവരുടെ പിന്തുണയും ലഭിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷക്കാലവും പരീക്ഷ എഴുതാന്‍ ശ്രമിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധമിട്ട് അതിന് വിലങ്ങുതടിയാവുകയായിരുന്നുവെന്ന് സ്മൃതി പറയുന്നു. പഴയ സിലബസ് പൂര്‍ണമായും മാറിയതോടെ പാസാവുകയെന്നത് എളുപ്പ ജോലിയായിരുന്നില്ലെന്നും സ്മൃതി പറയുന്നുണ്ട്. പക്ഷെ ഭര്‍ത്താവിന്റെയും മകളുടെയും സുഹൃത്തുക്കളുടെയുമെല്ലാം അകമഴിഞ്ഞ പിന്തുണ വലിയ സഹായമാവുകയായിരുന്നു.
ചെറിയ ചായക്കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന സ്മൃതി ഹയര്‍ സെക്കന്‍ഡറി കൂടി പൂര്‍ത്തിയാക്കി ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോവുകയാണ്.
Post Your Comments