ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുപ്പായം തയ്പ്പിക്കുന്നവരോട് ഫേസ്ബുക് ലൈക്കുകള്‍ സമ്പാദിച്ച് വരാന്‍ കോണ്‍ഗ്രസും നിബന്ധന വെക്കുന്നു. നേരത്തേ ടിക്കറ്റ് മോഹികളോട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കാല്‍ലക്ഷം ഫേസ്ബുക് ലൈക് എന്ന നിബന്ധന വെച്ചിരുന്നു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന പ്രശാന്ത് കിഷോറാണ് ജനപ്രിയത ബോധ്യപ്പെടുത്താന്‍ ഈ മാനദണ്ഡം മുന്നോട്ടുവെച്ചത്. കുറഞ്ഞത് 25,000 ലൈക്കുകളെങ്കിലും ഫേസ്ബുക്കില്‍ വേണമെന്നതാണ് ടിക്കറ്റിന് അപേക്ഷിക്കാനുള്ള ആദ്യ യോഗ്യത.
എന്നാല്‍, ഇതു പാലിച്ചാല്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. നിര്‍മല്‍ ഖത്രിക്കുപോലും സീറ്റ് കിട്ടുന്ന കാര്യം സംശയമാണ്. അദ്ദേഹത്തിന്റെ പേജിന് 23,891 ലൈക്കുകളാണ് ഇപ്പോഴുള്ളത്. ബി.ജെ.പിയുടെയോ ആം ആദ്മിയുടെയോപോലെ സജീവമായ സൈബര്‍ സെല്‍ ഇല്ലാത്ത കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകള്‍പോലും പലപ്പോഴും നിര്‍ജീവമാണ്.
പാര്‍ട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂവെന്നും മറ്റുള്ളവര്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ ശ്രദ്ധിക്കുന്നുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയാ ചുമതലയുള്ള ഓര്‍ഗനൈസിങ് സെക്രട്ടറി ശിവ് പാണ്ഡെ പറയുന്നത്.എന്നാല്‍, ഉള്ള ലൈക്കുകള്‍ യഥാര്‍ഥമാണെന്നും വ്യാജനിര്‍മിതികളല്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.
എന്നാല്‍, ബി.ജെ.പിയില്‍നിന്ന് കടമെടുത്ത ആശയമല്ല ഇതെന്നും രാജീവ് ഗാന്ധിയാണ് കമ്പ്യൂട്ടര്‍ ജനകീയമാക്കിയതെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. മുമ്പ് ജനപ്രീതിയും സാമൂഹിക പ്രവര്‍ത്തന പരിചയവും തെളിയിക്കാന്‍ പത്രത്തില്‍ വന്ന ചിത്രങ്ങളും പ്രസ്താവനകളും വെട്ടി സമാഹരിച്ചാണ് ടിക്കറ്റ് കാംക്ഷികള്‍ പാര്‍ട്ടിക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. അത് പഴഞ്ചന്‍ രീതിയായെന്നും കാലത്തിനനുസരിച്ച് മാറണമെന്നും കാണിച്ചാണ് ഫേസ്ബുക് ലൈക് നിര്‍ബന്ധമാക്കുന്നത്.
Post Your Comments