ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജനസമക്ഷത്തില്‍ പുതുക്കി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അടുത്ത വര്‍ഷം യു.പി, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലാകും കിഷോറിന്റെ കഴിവ് തെളിയിക്കപ്പെടുക. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു.
യു.പിയിലും പഞ്ചാബിലും വിജയക്കൊടി പാറിക്കുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഒപ്പം രാഹുല്‍ ഗാന്ധിയെ നേതൃത്വത്തില്‍ വിജയകരമായി അവരോധിക്കുക എന്ന ദൗത്യവും പ്രശാന്ത് കിഷോറിന് മുന്നിലുണ്ട്. കോണ്‍ഗ്രസിനു വേരോട്ടമുള്ള പഞ്ചാബില്‍ ദൗത്യം അത്ര ദുഷ്‌കരമല്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങെന്ന മുന്നണിപ്പോരാളിയുടെ ജനകീയതയും ഗുണകരമാകും.
എന്നാല്‍, യു.പിയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. കോണ്‍ഗ്രസിന് ഇവിടെ അടിത്തറയില്ല എന്നത് തന്നെയാണ് കാരണം. യു.പിയില്‍ മുന്നില്‍ നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധിയെ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ ഈ നിലപാട് ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടിയില്‍ പലര്‍ക്കും കഴിഞ്ഞില്ല. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ഇതിനിടെ പ്രചരിച്ചു. കോണ്‍ഗ്രസ് ഏല്‍പിച്ച ദൗത്യം ആദരവോടെ ഏറ്റെടുക്കുന്നുവെന്നും കഴിവനുസരിച്ച് അതു നിറവേറ്റുമെന്നും കിഷോര്‍ തന്നെ പറഞ്ഞതോടെയാണ് അവ അവസാനിച്ചത്.
Post Your Comments