ഇന്നലെ പ്രധാനമന്ത്രി അഫ്ഗാനിസ്ഥാന് സമ്മാനിച്ച ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ടിനെക്കുറിച്ച് ഇതാ ചില രസകരമായ വസ്തുതകള്‍:
അഫ്ഗാന്‍ മേഖലയില്‍ ഇന്ത്യ നടത്തിയ ഏറ്റവും ചിലവേറിയ അടിസ്ഥാനസൗകര്യ സഹായ പദ്ധതിയാണ് ഇത്. 275-മില്ല്യണ്‍ ഡോളറാണ് ഇന്ത്യ ഈ പദ്ധതിക്കായി ചിലവഴിച്ചത്. ഈ അണക്കെട്ട് അഫ്ഗാനിസ്ഥാന്‍റെ ഹേരത്ത് മേഖലയെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളില്‍ 1,500-ഓളം ഇന്ത്യന്‍-അഫ്ഗാന്‍ വിദഗ്ദരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഈ അണക്കെട്ട് യാഥാര്‍ഥ്യമായത്.
ഇന്ത്യന്‍ മിനി-രത്ന കമ്പനിയായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്) ആണ് പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സമയം ചിലവഴിച്ച് 1,775-കോടി രൂപ മുതല്‍മുടക്കി ഈ അണക്കെട്ട് നിര്‍മ്മിച്ചത്.
ഹേരത്ത് പ്രവിശ്യയിലെ ഹരി റുഡ് നദിയുടെ കുറുകെയാണ് സല്‍മ അണക്കെട്ട് എന്നുകൂടി അറിയപ്പെടുന്ന ഈ ഡാം പണിതിരിക്കുന്നത്. മണ്ണും കല്ലും അടങ്ങിയ മിശ്രിതം നിറച്ചാണ് 107.5 മീറ്റര്‍ ഉയരമുള്ള ഈ അണക്കെട്ട് പടുത്തുയര്‍ത്തിയത്. 14-മെഗാവാട്ട് ശേഷിയുള്ള 3 യൂണിറ്റുകളടങ്ങിയ 42-മെഗാവാട്ട് ആകെ ശേഷിയുള്ള പവര്‍ഹൗസും ഡാമിനോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്നു.
75,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്താന്‍ ശേഷിയുണ്ട് ഈ അണക്കെട്ടിന്. ഈ അണക്കെട്ടിന്‍റെ ജലസംഭരണിയുടെ വ്യാപ്തി നീളത്തില്‍ 20-കിലോമീറ്ററും, വീഥിയില്‍ 3.7-കിലോമീറ്ററും വരും. 633-മില്ല്യണ്‍ മെട്രിക് മീറ്റര്‍ ക്യൂബ് ജലം മൊത്തത്തില്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് ഈ സംഭരണിക്ക്.
ഉയരം 107.5 മീറ്ററും, നീളം 540-മീറ്ററും അടിത്തട്ടിലെ വീതി 450-മീറ്ററും ഉണ്ട് സല്‍മ അണക്കെട്ടിന്. ഹേരത്ത് നഗരത്തില്‍ നിന്ന്‍ 165-കിലോമീറ്റര്‍ കിഴക്ക് മാറിയാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യന്‍-അഫ്ഗാന്‍ എന്‍ജിനീയറിംഗ് വിദഗ്ദരുടെ അനിതരസാധാരണമായ ബലിദാനവും ഈ അണക്കെട്ടിന്‍റെ പിറവിക്ക് പിന്നിലുണ്ട്. 2010-ല്‍ ഹേരത്ത് പ്രവശ്യയിലെ ജില്ലാ ഗവര്‍ണറെ താലിബാന്‍ വധിക്കുകയും, തൊട്ടടുത്ത വര്‍ഷം എന്‍ജിനീയറിംഗ് വിദഗ്ദരുടെ ഒരു സംഘം തന്നെ ഇരയായിത്തീരുകയും ചെയ്തു. അഫ്ഗാന്‍ തൊഴില്‍ സംഘം പറഞ്ഞറിയിക്കാനാകാത്ത കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഈ പദ്ധതിക്കായി നിലകൊണ്ടത്. 2013-ല്‍ 1,300-കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സല്‍മ അണക്കെട്ട് മുഴുവനായി തകര്‍ത്തു കളയാന്‍ താലിബാന്‍ ശ്രമിച്ചിരുന്നു എന്ന്‍ അഫ്ഗാന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അറിയിച്ചിരുന്നു.
കനത്ത സുരക്ഷാഭീഷണി കാരണം അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തുന്ന ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് മാസത്തിലൊരിക്കല്‍ മാത്രമാണ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരും മറ്റു സാങ്കേതിക വിദഗ്ദരും അടങ്ങിയ സംഘം പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നത്.
അണക്കെട്ട് നിര്‍മ്മാണത്തിനുപയോഗിച്ച വിദഗ്ദോപകരണങ്ങളും മറ്റു സാമഗ്രികളും ആദ്യം ഇന്ത്യയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ഇറാനിലെ ബന്ദെര്‍-ഇ-അബ്ബാസ് തുറമുഖത്ത് എത്തിക്കുകയും, അവിടെനിന്ന് 1200-കിലോമീറ്റര്‍ റോഡ്‌മാര്‍ഗ്ഗത്തില്‍ ഇറാന്‍-അഫ്ഗാന്‍ അതിര്‍ത്തിയായ ഇസ്ലാം കിലയില്‍ എത്തിക്കുകയും, ഇസ്ലാം കിലയില്‍ നിന്ന്‍ വീണ്ടും കരമാര്‍ഗ്ഗം 300-കിലോമീറ്റര്‍ അകലെയുള്ള പദ്ധതിപ്രദേശത്തേക്ക് എത്തിക്കുകയുമായിരുന്നു ചെയ്തത്.
നിര്‍മ്മാണത്തിനപയോഗിച്ച സിമന്‍റ്, ഉരുക്ക്, സ്ഫോടകവസ്തുക്കള്‍ മുതലായവ അഫ്ഗാനിസ്ഥാന്‍റെ അയല്‍രാജ്യങ്ങളില്‍ നിന്ന്‍ ഇറക്കുമതി ചെയ്യുകയായിരുന്നു.
Post Your Comments