മഹാനായ ഒരു കായികതാരം എന്നതിലുപരി, അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണവെറിക്കെതിരെയുള്ള നിശിതമായ നിലപാടുകള്‍ കൊണ്ടും ലോകമനസ്സാക്ഷിയുടെ ഉള്ളില്‍ ചിരപ്രതിഷ്ഠ നേടിയ മൊഹമ്മദ് അലി ഇനി ഓര്‍മ്മ. നീണ്ട മൂന്ന്‍ പതിറ്റാണ്ടുകളോളം “പാര്‍ക്കിന്‍സന്‍സ്” എന്ന രോഗത്തോട് പടപൊരുതിയ ശേഷം ലോകകായികരംഗം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ കാലയവനികക്കുള്ളിലേക്ക് മറഞ്ഞു. അരിസോണയിലെ ഗ്രേറ്റര്‍ ഫീനിക്സിലുള്ള സ്കോട്ട്സ്ഡെയ്ലില്‍ വച്ച് ശ്വസനസംബന്ധമായ രോഗാവസ്ഥയെത്തുടര്‍നന്ന്‍ അലി നമ്മെ വിട്ടു പിരിയുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത് ബോക്സിംഗ് റിംഗില്‍ അദ്ദേഹം കാഴ്ചവച്ചിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിഭാവിലാസത്തിന്‍റെ ചിത്രങ്ങളാണ്.
മൂന്നു തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന അലി നീണ്ടകാലത്തെ പാര്‍ക്കിന്‍സന്‍സ് രോഗത്തോടുള്ള പോരാട്ടത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ 74-വയസ്സായിരുന്നു. അലിയുടെ സാമൂഹിക വിമര്‍ശനം ഏറ്റവുമധികം ഏറ്റുവാങ്ങിയത് അമേരിക്കന്‍ ഭരണകൂടം തന്നെയായിരുന്നു. 1964-ല്‍ നിലവിലെ ചാമ്പ്യന്‍ സോണി ലിസ്റ്റണെ ഇടിച്ചുവീഴ്ത്തി 22-ആം വയസ്സില്‍ ആദ്യമായി ലോകഹെവിവെയ്റ്റ് കിരീടം നേടുമ്പോള്‍ മുഹമ്മദ് അലി കാഷ്യസ് ക്ലേ ആയിരുന്നു. തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് അലിയായി മാറിയതിനു ശേഷം അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിസമ്മതിച്ചു. അമേരിക്കക്കു വേണ്ടി വിയറ്റ്നാമിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താതപര്യമില്ല എന്നു പറഞ്ഞായിരുന്നു അലി തന്‍റെ ആര്‍മി ഡ്രാഫ്റ്റിംഗ് വേണ്ടെന്നു വച്ചത്.
“എനിക്ക് വിയറ്റ്-കോംഗുമായി യാതൊരു വഴക്കുകളുമില്ല. ഒരു വിയറ്റ്നാംകാരനും ഇതുവരെ എന്നെ ‘കറുത്തവന്‍’ എന്ന്‍ വിളിച്ചിട്ടില്ല,” അലിയുടെ ഈ വാക്കുകള്‍ അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണവെറിക്കെതിരായ ശക്തമായ പ്രതിഷേധം ആയിരുന്നു. അടിച്ചമര്‍ത്തലിനെതിരെയുള്ള അലിയുടെ ഈ നിര്‍ഭയനിലപാട് അമേരിക്കയ്ക്ക് വെളിയിലും വന്‍സ്വീകാര്യത നേടിക്കൊടുത്തു. ലോകമെങ്ങുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ ആവേശമായി മാറി അലി. സൈന്യത്തില്‍ ചേരാന്‍ വിസമ്മതിച്ചത് മൂലം അലിയുടെ ലോകകിരീടം തിരിച്ചെടുക്കുകയും ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്തു. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവില്‍ അലിക്ക് നീതിലഭിച്ചു, പക്ഷേ ഒരു കായികതാരം എന്ന നിലയില്‍ തന്‍റെ ഏറ്റവും സുപ്രധാനമായ വര്‍ഷങ്ങള്‍ അലിക്ക് നഷ്ടമായി.
ഇവിടെയാണ് താനൊരു യഥാര്‍ത്ഥ ചാമ്പ്യന്‍ ആണെന്ന് അലി തെളിയിച്ചത്. അനുകൂലകോടതി വിധിയുടെ ബലത്തില്‍ റിംഗില്‍ തിരികെയെത്തിയ അലി 1974-ലും, 1978-ലും വീണ്ടും ലോകകിരീടം നേടി. ഈ കാലയളവില്‍ ജോ ഫ്രേസിയര്‍ എന്ന ബോക്സിംഗ് ഇതിഹാസവുമായി അലി നടത്തിയ പോരാട്ടങ്ങള്‍ ബോക്സിംഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ജോര്‍ജ്ജ് ഫോര്‍മാനെതിരായ “റംബിള്‍ ഇന്‍ ദി ജംഗിള്‍” എന്ന പേരില്‍ പ്രശസ്തമായ പോരാട്ടവും ഇതിഹാസതുല്യമാണ്. ഇവിടെയെല്ലാം അലി തന്നിലെ ചാമ്പ്യന്‍ ബോക്സറുടെ പ്രതിഭ ആവോളം പുറത്തെടുത്ത് “ഏറ്റവും മികച്ചവന്‍” എന്ന സ്വയംപ്രഖ്യാപിത” പദവിയോട് കഴിവതും നീതി പുലര്‍ത്തി.
1960-ലെ റോം ഒളിമ്പിക്സില്‍ ലൈറ്റ് ഹെവിവെയ്റ്റ് വിഭാഗത്തില്‍ അലി സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട്.
കായികലോകത്തെ ഈ അനശ്വരചക്രവര്‍ത്തിക്ക് ആദരാഞ്ജലികള്‍…
Post Your Comments