ലൊസാഞ്ചല്‍സ്: യു.എസില്‍ പ്രൊഫസറെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയ ഇന്ത്യന്‍ വംശജന്‍ മൈനാകിന്റെ’ഹിറ്റ് ലിസ്റ്റില്‍’ സര്‍വകലാശാലയിലെതന്നെ മറ്റൊരു പ്രൊഫസറുടെ പേരുകൂടി ഉണ്ടായിരുന്നുവെന്നു പൊലീസ് . ഭാര്യ ആഷ്‌ലി ഹസ്തിയുടെ മിനസോട്ടയിലെ വസതിയില്‍ അവരെ വെടിവച്ചുകൊന്നശേഷം 3200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മുന്‍ ഗവേഷക വിദ്യാര്‍ഥിയായ മൈനാക് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ (യു.എല്‍.സി.എ) എത്തി പ്രൊഫസറെ കൊന്നത്.
ഇന്ത്യയിലെ ഖരക്പുര്‍ ഐ.ഐ.ടിയില്‍നിന്ന് എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദവും സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്നു മാസ്റ്റര്‍ ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നു പി.എച്.ഡിയും നേടിയ മൈനാക് സര്‍ക്കാര്‍ (38) ആണ് കൊലയാളിയെന്നു പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൈനാകിന്റെ വീട്ടില്‍നിന്നു പൊലീസിനു ലഭിച്ച ലിസ്റ്റിലാണു ഭാര്യ ആഷ്‌ലി, പ്രഫസര്‍ വില്യം ക്‌ളൂജ്, സര്‍വകലാശാലയിലെതന്നെ മറ്റൊരു പ്രഫസര്‍ എന്നിവരുടെ പേരുകള്‍ ഉണ്ടായിരുന്നത്. മൂന്നാമന്‍ സുരക്ഷിതനാണെന്ന് അറിയിച്ച പൊലീസ് അയാളുടെ വെളിപ്പെടുത്തിയില്ല.
2011 ജൂണ്‍ 14ന് ആയിരുന്നു മൈനാകും ആഷ്‌ലിയും വിവാഹിതരായത്. സംഭവസമയത്ത് ഇവര്‍ ഒരുമിച്ചായിരുന്നോ ജീവിച്ചിരുന്നതെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തതയില്ല. രണ്ടു തോക്കുകളും അധികം തിരകളുമായായി ആസൂത്രിതമായിത്തന്നെയാണു മൈനാക് സര്‍വകലാശാലയില്‍ എത്തിയത്. സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ക്‌ളൂജിന്റെ ഓഫിസിനുള്ളില്‍ വെച്ചാണ് അദ്ദേഹത്തെ വെടിവെച്ചത്. രണ്ടാമത്തെ പ്രൊഫസര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോള്‍ മൈനാക് ജീവനൊടുക്കിയതാവാമെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ക്‌ളൂജുമായി തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നേരത്തേ മൈനാക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൈനാകിന്റെ ആരോപണങ്ങളില്‍ വാസ്തവമില്ലെന്നാണു സര്‍വകലാശാലാ അധികൃതരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്.
Post Your Comments