ചെന്നൈ: ജയലളിതയുടെ അണ്ണാഡിഎംകെ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം പകുതിയോടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജയലളിത നടത്തുന്ന കൂടിക്കാഴ്ചയോടെ സഖ്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകുമെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ അറിയിച്ചു. എന്‍.ഡി.എയുടെ ഭാഗമായാലും കേന്ദ്രസര്‍ക്കാരില്‍ അണ്ണാഡിഎംകെ ചേരില്ലെന്ന് ഉറപ്പാണ്. പകരം പുറത്തുനിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടായിരിക്കും ജയലളിത സ്വീകരിക്കുകയെന്നാണ് സൂചന.
37 എം.പിമാരുള്ള അണ്ണാഡിഎംകെ ലോക്‌സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. രാജ്യസഭയില്‍ ജയയുടെ പാര്‍ട്ടിക്ക് 12 എം.പിമാരുണ്ട്. രാജ്യസഭയിലെ ഈ അംഗബലമാണ് അണ്ണാഡിഎംകെയെ മുന്നണിയിലെടുക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അംഗബലത്തിലെ കുറവ് കാരണം ജി.എസ്.ടി ഉള്‍പ്പടെ പല പ്രധാന ബില്ലുകളും പാസാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
എന്‍.ഡി.എയുടെ ഭാഗമല്ലെങ്കിലും പാര്‍ലമെന്റിനകത്തും പുറത്തും പല വിഷയങ്ങളിലും ജയലളിത ഭരണപക്ഷത്തിന് അനുകൂലമായ നിലപാടെടുത്തിരുന്നു. എന്‍.ഡി.എയിലെ പഴയ സഖ്യകക്ഷിയായ അണ്ണാഡിഎംകെക്ക് മുന്നില്‍ പാര്‍ട്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് ഒരു ബി.ജെ.പി നേതാവ് സഖ്യസാധ്യതയെക്കുറിച്ച് പ്രതികരിച്ചത്.
നിലവില്‍ തെലുങ്കുദേശം, ശിവസേന, അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി എന്നിവയാണ് എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷികള്‍
Post Your Comments